ദേശീയപാത വികസനം: സർക്കാർസ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നു
Mail This Article
ആലപ്പുഴ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മതിലും കെട്ടിടവും നഷ്ടമായ സർക്കാർ സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നു. ദേശീയപാത അതോറിറ്റിയിൽ നിന്നു സംസ്ഥാന സർക്കാരിന്റെ ഹെഡ് അക്കൗണ്ടിലേക്കു പണം നൽകിയിട്ടുണ്ടെങ്കിലും അതതു സ്ഥാപനങ്ങൾക്കുള്ള വിതരണമാണു നടക്കാത്തത്. ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ, സ്കൂൾ തുടങ്ങി പതിനായിരത്തോളം സ്ഥാപനങ്ങൾ അടച്ചുറപ്പുള്ള ചുറ്റുമതിൽ ഇല്ലാത്ത നിലയിൽ തുടരുകയാണ്.
ദേശീയ പാതയോരത്തെ ആശുപത്രികൾക്കും മെഡിക്കൽ കോളജിന്റെ അടക്കം ഹോസ്റ്റലുകൾക്കും മതിൽ ഇല്ലാത്തതു ഗുരുതര സുരക്ഷാ പ്രശ്നം ആയിരിക്കുകയാണ്. സർക്കാർ ഭൂമിയിൽ നിന്നു രാത്രി മരങ്ങൾ മുറിച്ചു കടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ഥലം വിട്ടുനൽകി ഒരു വർഷം കഴിഞ്ഞിട്ടും മിക്ക സർക്കാർ സ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം അവരുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള തുക നേരത്തേ വിതരണം ചെയ്തിരുന്നു. സ്ഥലം വിട്ടുകൊടുത്ത സ്വകാര്യ വ്യക്തികളുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ സ്ഥാപനങ്ങൾക്കു ചെറിയ തുകയാണു നഷ്ടപരിഹാരം. അതെങ്കിലും കിട്ടിയാൽ മതിൽ കെട്ടാമായിരുന്നു എന്നാണു സ്ഥാപന മേധാവികൾ പറയുന്നത്.
സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ വകുപ്പുകൾക്കു കീഴിൽ ഉണ്ടായിരുന്നതും പുറമ്പോക്ക് ആയി രേഖപ്പെടുത്തിയതുമായ ഭൂമിയും ദേശീയപാതയ്ക്കായി ഏറ്റെടുത്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയായതിനാൽ ഇതിനു നഷ്ടപരിഹാരം നൽകില്ല. ഈ ഭൂമിയിലെ മതിൽ ഉൾപ്പെടെ നിർമാണങ്ങൾക്കു പൊതുമരാമത്തു വകുപ്പ് നിശ്ചയിക്കുന്ന മൂല്യം നഷ്ടപരിഹാരമായി നൽകുകയാണു ചെയ്യുന്നത്. വ്യക്തികൾക്കു ഭൂമിക്കും അതിലെ നിർമാണങ്ങൾക്കുമുള്ള മൂല്യത്തിനു പുറമേ ആ തുകയുടെ 100% നഷ്ടപരിഹാരമായും നൽകുന്നുണ്ട്.