പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു: ശാരദ
Mail This Article
തിരുവനന്തപുരം∙ ‘അഡ്ജസ്റ്റ്മെന്റുകളും കോംപ്രമൈസുകളും’ പഴയകാല മലയാള സിനിമകളിലുമുണ്ടായിരുന്നുവെന്ന് കമ്മിറ്റിയംഗം നടി ശാരദ പറയുന്നു. ഇത്തരം വഴങ്ങലുകൾ പരസ്യമായി നടക്കുന്നുവെന്ന വ്യത്യാസം മാത്രമാണിപ്പോഴുള്ളതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശാരദയുടേതായി പരാമർശിച്ചിട്ടുണ്ട്. സിനിമയിൽ അവസരം ലഭിക്കാൻ ലൈംഗികമായി വഴങ്ങേണ്ടി വരുന്ന ‘കാസ്റ്റിങ് കൗച്ച്’ സംസ്കാരം മുൻപുമുണ്ടായിരുന്നു. അക്കാലത്ത് നായകനും നായികയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നു.
സ്ത്രീകൾ താമസിക്കുന്ന മുറികളിൽ രാത്രികളിൽ വാതിലിലുള്ള മുട്ടലുകൾ ഇപ്പോൾ പതിവാണ്. ഇന്ന്, സ്ത്രീകളിൽ പലരും ധരിക്കുന്ന വേഷം ശരിയല്ലെന്നും മറച്ചുവയ്ക്കുന്നതിനെക്കാൾ കൂടുതൽ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളാണവയെന്നും ശാരദയുടെ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻപ് ദ്വയാർഥത്തോടെയുള്ള വാചകങ്ങളോ സ്ത്രീകളെ അനുചിതമായി സ്പർശിക്കലോ ഉണ്ടായിരുന്നില്ല. ആവശ്യങ്ങൾക്കായി നിലകൊള്ളുന്നതിന്റെ പേരിൽ അപ്രഖ്യാപിത വിലക്കു ഭീഷണി മുൻപുമുണ്ടായിരുന്നു. പക്ഷേ, അവയൊന്നും നടപ്പാക്കിയിരുന്നില്ല.
സിനിമ പ്രവർത്തകരുടെ ജോലി സമയവും വേതനവും കൃത്യമായി നിർവചിക്കുന്ന കരാർ അനിവാര്യമാണ്. സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാൻ സർക്കാർ കർശന നടപടിയെടുക്കണം. താരങ്ങളുടെ ക്ഷേമമുറപ്പാക്കാൻ നികുതിരഹിത ഫണ്ട് സ്ഥാപിക്കണമെന്നും ശാരദ ശുപാർശ ചെയ്തു.
ഇതേസമയം, നടൻമാർക്കു തുല്യമായ വേതനം നടിമാർക്കും നൽകണമന്ന വാദത്തോടു യോജിപ്പില്ലെന്ന് ശാരദ വ്യക്തമാക്കി. നായകൻ ആരാണെന്നാണു പൊതുജനം അന്വേഷിക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം നിർമാതാക്കൾക്കും സംവിധായകർക്കും വിടുന്നതായും അവർ പറഞ്ഞു.