സിനിമാ മേഖലയിൽ സ്ത്രീ സുരക്ഷിതയല്ല: ചിലർ തൊഴിൽ വിട്ടുപോയി, കഴിവുള്ളവർ കടന്നുവരുന്നില്ല
Mail This Article
തിരുവനന്തപുരം ∙ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സിനിമാ മേഖലയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടതായി ഹേമ കമ്മിറ്റി വിലയിരുത്തി. ഇതെത്തുടർന്ന് അഭിനയത്തിലും സാങ്കേതികവിദ്യയിലും രചനാ രംഗത്തുമെല്ലാം കഴിവുള്ള ഒട്ടേറെ സ്ത്രീകൾ ഈ തൊഴിൽ മേഖലയിലേക്കു കടന്നുവരാൻ വിസമ്മതിച്ചു. മറ്റു ചിലർ തൊഴിൽ വിട്ടുപോയി. മകളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അവർക്കൊപ്പം ദിവസവും കൂടെ വരുന്ന പതിവു സിനിമാരംഗത്തു മാത്രമാണുള്ളത്. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ത്രീകൾ എന്തിനും തയാറാകുമെന്ന തോന്നൽ സിനിമയിലെ പുരുഷന്മാർ വച്ചുപുലർത്തുന്നു. ഇതെക്കുറിച്ച് ഒട്ടേറെ മൊഴികളാണു കമ്മിറ്റിക്കു ലഭിച്ചത്. സിനിമ ‘പാഷൻ’ ആയി കണ്ടുവരുന്ന പെൺകുട്ടികൾക്കു ശരീരവും ആത്മാഭിമാനവും വരെ അടിയറവയ്ക്കേണ്ടി വരുന്നുണ്ട്.
ആണധികാരത്തിന്റെ ആറാട്ട്
സിനിമയിലെ ആൺ അധികാര ശ്രേണികൾ ശക്തരാണ് (പവർ നെക്സസ്). ഇവരാണ് ഒരു സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാ കാര്യവും നിയന്ത്രിക്കുന്നത്. സ്ത്രീകളുടെ ജോലി, അധ്വാനം എന്നിവയ്ക്കു മൂല്യം കൊടുക്കുന്നില്ല. സ്ത്രീകളുടെ ശരീരത്തിനുമേൽ അവകാശമുന്നയിക്കുന്നു. മോശം വാക്കുകൾ പ്രയോഗിക്കുന്നു.
ഇവരെ ഒഴിവാക്കി ഒരു അഭിനേത്രിക്കു മുന്നോട്ടുപോകാൻ കഴിയില്ല. ഇവരുടെ ഇംഗിതങ്ങൾക്കു വഴങ്ങിക്കൊടുക്കേണ്ടിവരും. അവസരം നഷ്ടപ്പെടുമെന്ന ഭയം മൂലം തങ്ങൾ നേരിടുന്ന ദുരിതാനുഭങ്ങൾക്കെതിരെ പ്രതികരിക്കാനോ പരാതിപ്പെടാനോ നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും തയാറാകുന്നില്ല. ഇത് ഇത്തരം അധികാര ശക്തികൾ മുതലാക്കുന്നു.
വനിതാ സംവിധായകർ അടക്കം സാങ്കേതിക മേഖലയിൽ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ നിർദേശങ്ങൾ സ്വീകരിക്കാൻ പുരുഷന്മാർ വിമുഖരാണ്. എല്ലാ തീരുമാനങ്ങളും പുരുഷന്റേതാണ് എന്ന ചിന്തയും പ്രബലമാണ്.
നല്ല സ്ത്രീ,മോശം സ്ത്രീ !
സിനിമാ മേഖലയിൽ ‘നല്ല സ്ത്രീ’യും ‘മോശം സ്ത്രീ’യും ഉണ്ട്. നല്ല സ്ത്രീ എന്നാൽ സിനിമയിൽ അനുസരണയുള്ള സ്ത്രീ, എന്തു പറഞ്ഞാലും കേൾക്കുന്ന സ്ത്രീ എന്നാണു വിലയിരുത്തൽ. സ്വതന്ത്രമായ വ്യക്തിത്വവും നിലപാടുകളും ഉള്ള സ്ത്രീയാകട്ടെ മോശപ്പെട്ടവളും. സ്ത്രീകളുടെ ഔന്നത്യം പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു.
കെ.ആർ.ഗൗരിയമ്മയെ കഥാപാത്രമായി അവതരിപ്പിച്ച സിനിമയിൽ അവരുടെ വ്യക്തിത്വത്തിന്റെ ഉയർച്ചയും കേരളീയ സമൂഹത്തിന് അവർ നൽകിയ സംഭാവനകളും വേണ്ടവിധം ചിത്രീകരിക്കപ്പെട്ടിട്ടില്ലെന്നു മൊഴിയുണ്ടായി. സ്ത്രീകളുടെ ചരിത്രപരമായ സംഭാവനകൾ തമസ്കരിക്കപ്പെടരുതെന്നു കമ്മിറ്റി നിർദേശിച്ചു.