ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർ, ഭവന നിർമാണം, കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എടുത്തിട്ടുള്ള വായ്പകൾ പുനഃക്രമീകരിച്ചു നൽകുമെന്ന് ബാങ്കുകൾ അറിയിച്ചു. നടപടിക്രമങ്ങളിൽ ഇളവുകളോടെ പുതിയ വായ്പകൾ അനുവദിക്കും. 30 മാസത്തെ തിരിച്ചടവു കാലാവധിയോടെ ഒരു ജാമ്യവും ഇല്ലാതെ തന്നെ 25,000 രൂപ വായ്പയായി നൽകും. എല്ലാ റിക്കവറി നടപടികളും അടിയന്തരമായി നിർത്തിവയ്ക്കുമെന്ന് ബാങ്കുകൾ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ അറിയിച്ചു.

ബാങ്ക് അക്കൗണ്ടിൽ നിന്നു വായ്പ തിരിച്ചടവ് ഇൗടാക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയറിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണം എല്ലാ ബാങ്കുകളും ഒഴിവാക്കും. ഏതെങ്കിലും ധനസഹായം അക്കൗണ്ടിൽ എത്തിയാൽ അവയിൽ നിന്നു വായ്പ തിരിച്ചടവോ മറ്റു ബാങ്ക് ഫീസുകളോ ഇൗടാക്കില്ല. ജൂലൈ 30നു ശേഷം ഏതെങ്കിലും ബാങ്കുകൾ ഇത്തരത്തിൽ പണം ഇൗടാക്കിയിട്ടുണ്ടെങ്കിൽ ഉടൻ തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കും. 

12 ബാങ്കുകളാണ് ഉരുൾപൊട്ടലുണ്ടായ മേഖലയിൽ പ്രവർത്തിക്കുന്നത്. 3,220 പേരുടെ അക്കൗണ്ടുകളിലേക്ക് 35.30 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്. ഇൗ വായ്പകൾ ഒഴിവാക്കി നൽകുന്നതിന് അതത് ബാങ്കുകൾ നടപടികൾ കൈക്കൊള്ളണം. ദുരന്തത്തിൽ 50 ശതമാനത്തിലേറെ കൃഷിനാശം സംഭവിച്ചതിനാൽ റിസർവ് ബാങ്ക് സർക്കുലർ അനുസരിച്ച് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കണം. ഇതുൾപ്പെടെ 5 വർഷത്തേക്കു വായ്പ തിരിച്ചടവു കാലാവധി ദീർഘിപ്പിക്കും. മുടങ്ങാതെ അടയ്ക്കുന്ന ഹ്രസ്വകാല വായ്പകളും പുനഃക്രമീകരിക്കും. 

കൃഷി മാത്രം നശിക്കുകയും മറ്റു കൃഷി അനുബന്ധ സൗകര്യങ്ങൾക്കു കേടുപാടുകൾ പറ്റാതിരിക്കുകയും ചെയ്താൽ ഒരു വർഷത്തേക്കു മൊറട്ടോറിയം അനുവദിക്കും. തിരിച്ചടവു കാലാവധി ഒരു വർഷം കൂടി അനുവദിക്കുകയും ചെയ്യും. പുതിയ കൃഷിവായ്പ നൽകും. പുതിയ വായ്പകൾക്ക് അധിക ജാമ്യവസ്തുക്കൾ നൽകേണ്ടതില്ല. 

എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി 

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ അഭ്യർഥിച്ചു.

English Summary:

Loan restructure for Wayanad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com