ADVERTISEMENT

ന്യൂഡൽഹി ∙ ഒക്ടോബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്ന ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ (എൻഡിഎസ്എ) മുഖ്യപരിഗണന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയ്ക്കായിരിക്കുമെന്ന് ചെയർമാൻ അനിൽ ജയിൻ. ഡാം സേഫ്റ്റി അതോറിറ്റിയുടെ മുഴുവൻ അംഗങ്ങളും ചുമതലയേറ്റെന്നും, മുഴുവൻ തസ്തിക രൂപീകരണവും ഉടൻ തന്നെ പൂർത്തിയാക്കുമെന്നും പ്രവർത്തനം പൂർണതോതിലാവുമെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ കണക്കിലെടുത്ത് ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നേരിട്ടു സന്ദർശിച്ചപ്പോഴാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്.

വീണ്ടും ഒരു ദുരന്തം കൂടി ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണു മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുക എന്നുള്ളതെന്നു ഡീൻ കുര്യാക്കോസ് അതോറിറ്റിയെ അറിയിച്ചു. 2021ൽ കേന്ദ്ര സർക്കാർ പാസാക്കിയ ഡാം സേഫ്റ്റി ആക്ടിന്റെ സെക്‌ഷൻ 9 അനുസരിച്ച് ഡാം സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതോറിറ്റിക്കു നേരിട്ടു ചെയ്യാനാവും. കൂടാതെ 2022 ഏപ്രിൽ 8 ലെ സുപ്രീം കോടതി നിർദേശമനുസരിച്ച് മേൽനോട്ട സമിതി എന്തൊക്കെ ഘടകങ്ങൾ ആണോ നോക്കുന്നത് അവയെല്ലാം ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ അധികാരപരിധിയിൽ വരും.

ഇതനുസരിച്ചു മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധനയും, നിരീക്ഷണം, ഇൻസ്പെക്‌ഷൻ, ഓപ്പറേഷൻ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ എല്ലാം അതോറിറ്റിക്കു നേരിട്ട് ചെയ്യാം. ഇതോടെ മേൽനോട്ട സമിതി ഇല്ലാതാവുകയും തമിഴ്നാടിന് ഡാമിന് മുകളിലുള്ള നിയന്ത്രണം കുറയുകയും ചെയ്യുമെന്നും ഡീൻ പറഞ്ഞു. കെപിസിസി സെക്രട്ടറി ജയ്സൻ ജോസഫും ‍ഡീനിനൊപ്പമുണ്ടായിരുന്നു.

English Summary:

Mullaperiyar safety is main concern: Dam Safety Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com