ADVERTISEMENT

തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ സർക്കാ‍ർ മുക്കി. പ്രമുഖർ ലൈംഗികചൂഷണം നടത്തിയെന്ന പരാമർശമുള്ള ഖണ്ഡികയ്ക്കു പിന്നാലെയുള്ള 11 ഖണ്ഡികക‌‌‌‌‌‌‌‌‌‌ൾ വെട്ടിയ ശേഷമാണു റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശ കമ്മിഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന 32 ഖണ്ഡികകളിൽ ഈ ഭാഗം ഉൾപ്പെടുന്നില്ല. ഒഴിവാക്കുന്ന ഭാഗങ്ങൾ വിവരാവകാശ അപേക്ഷകരെ അറിയിക്കണമെന്ന നിർദേശവും സാംസ്കാരിക വകുപ്പ് ലംഘിച്ചു. ആകെ 113 ഖണ്ഡികകളാണ് മുൻകൂട്ടി അറിയിച്ച് ഒഴിവാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ച് ജൂലൈ 18നാണ് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയത്. സ്വകാര്യത മാനിച്ചു പുറത്തുവിടാത്ത ഭാഗങ്ങളുടെ വിവരം ഈ ഉത്തരവിലുണ്ട്. അതനുസരിച്ച് 85–ാം ഖണ്ഡിക കഴിഞ്ഞാൽ ഒഴിവാക്കേണ്ടത് 118 മുതലുള്ള ഖണ്ഡികകളാണ്. ഇതിനിടയിലുള്ള 96–ാം ഖണ്ഡിക ഒഴിവാക്കണമെന്ന് വിവരാവകാശ കമ്മിഷൻ തന്നെ നിർദേശിച്ചിരുന്നു. എന്നാൽ പുറത്തുവിട്ട റിപ്പോർട്ടിൽ 96–ാം ഖണ്ഡിക ഉൾപ്പെട്ടു. ഇതിനുശേഷം 108–ാമത്തെ ഖണ്ഡികയാണുള്ളത്. പുറത്തുവിടുമെന്ന് സർക്കാർതന്നെ അറിയിച്ച 11 ഖണ്ഡികകൾ മറച്ചുവച്ചു.

ഒഴിവാക്കിയ ഭാഗത്ത് എന്തായിരിക്കുമെന്നതിന്റെ സൂചന 96–ാം ഖണ്ഡിക നൽകുന്നുണ്ട് – ‘മലയാള സിനിമയിലെ അതിപ്രശസ്തരായ വ്യക്തികളിൽനിന്നുപോലും സ്ത്രീകൾക്കു ലൈംഗികാതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെന്ന്, മുൻപിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്കു ബോധ്യപ്പെട്ടു. അവരുടെ പേരുകളും കമ്മിറ്റിക്കു മുൻപിൽ വെളിപ്പെടുത്തി. വിവിധ വശങ്ങൾ പരിശോധിക്കുമ്പോൾ സിനിമാരംഗത്തു ലൈംഗികാതിക്രമം നടക്കുന്നുവെന്ന മൊഴികൾ അവിശ്വസിക്കാൻ ഒരു കാരണവും കാണുന്നില്ല’. ഇതിനുശേഷമുള്ള 11 ഖണ്ഡികകളാണ് ഒഴിവാക്കിയത് എന്നതിനാൽ അതിപ്രശസ്തരുടെ പേരുകളും അവരുടെ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങളും സർക്കാർ മറച്ചുവെന്നുതന്നെ കരുതേണ്ടിവരും. ‘അനുരഞ്ജനം, സഹകരണം, കാസ്റ്റിങ് കൗച്ച്’ എന്ന തലക്കെട്ടിലാണ് ഈ ഭാഗം റിപ്പോർട്ടിൽ നൽകിയിരിക്കുന്നത് എന്നതിൽനിന്നുതന്നെ ഉള്ളടക്കം വ്യക്തം.

നിർബന്ധമായും 32 ഖണ്ഡികകൾ ഒഴിവാക്കാമെന്നു നിർദേശിച്ച വിവരാവകാശ കമ്മിഷൻ, വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്ന മറ്റേതെങ്കിലും ഭാഗമുണ്ടെങ്കിൽ അതും ഒഴിവാക്കാമെന്നും പക്ഷേ, വിവരാവകാശ അപേക്ഷകനെ മുൻകൂട്ടി അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്റെ ഉത്തരവിൽ ചാരി വേണ്ടപ്പെട്ടവരെ സംരക്ഷിക്കുകയും അവരുടെ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ മറച്ചുവയ്ക്കുകയും ചെയ്ത സർക്കാർ, ഒഴിവാക്കുന്ന ഭാഗം മുൻകൂട്ടി അറിയിക്കണമെന്ന നിർദേശം നടപ്പാക്കിയതുമില്ല.

അതേസമയം ഒഴിവാക്കാൻ കമ്മിഷൻ നിർദേശിച്ച, പ്രശസ്തരുടെ ചൂഷണത്തെക്കുറിച്ചുള്ള 96–ാം ഖണ്ഡിക പുറത്തുവിട്ട റിപ്പോർട്ടിൽ അബദ്ധത്തിൽ ഉൾപ്പെട്ടതാണെന്നാണു വിവരം.

English Summary:

Kerala government hide crucial information in Hema Committee Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com