നെല്ലുസംഭരണം: കർഷക റജിസ്ട്രേഷൻ ഇന്നു മുതൽ; മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
Mail This Article
പാലക്കാട് ∙ സംസ്ഥാനത്ത് ഒന്നാംവിള നെല്ലു സംഭരണത്തിനുള്ള റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കർഷകർ സപ്ലൈകോയുടെ വെബ്സൈറ്റിൽ (www.supplycopaddy.in) ഓൺലൈനായി റജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 2024–25 സീസണിൽ നെല്ലു സംഭരണത്തിനു താൽപര്യമുള്ള അരിമില്ലുടമകളിൽ നിന്നു സപ്ലൈകോ അപേക്ഷ ക്ഷണിച്ചു. 3 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
27 മുതൽ സെപ്റ്റംബർ 30 വരെ കൊച്ചി കടവന്ത്രയിലെ സപ്ലൈകോ ഹെഡ് ഓഫിസിൽ അപേക്ഷ നൽകാം. കേന്ദ്ര മാനദണ്ഡപ്രകാരം ഒക്ടോബർ ഒന്നിനാണ് ഒന്നാംവിള നെല്ലെടുപ്പു സീസൺ ആരംഭിക്കുകയെങ്കിലും പാലക്കാട് അടക്കമുള്ള ജില്ലകളിലെ കൊയ്ത്തു സാഹചര്യം പരിഗണിച്ച് കേരളത്തിൽ സെപ്റ്റംബർ പകുതിയോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
സംഭരണത്തിനു മുൻപു നെല്ല്–അരി അനുപാതം (ഔട്ട് ടേൺ റേഷ്യോ) സംബന്ധിച്ചു മില്ലുകളുമായി ചർച്ച നടത്തേണ്ടതുണ്ട്. സംസ്ഥാന ബജറ്റിൽ കാര്യമായ തുക നീക്കിവയ്ക്കാത്ത സാഹചര്യത്തിൽ ഇത്തവണയും വില സംഭരണ രസീതിൻമേലുള്ള (പിആർഎസ്) വായ്പയായാണു നൽകുക.