ഹേമ കമ്മിറ്റി റിപ്പോർട്ട്: കോൺഗ്രസ് പ്രതിഷേധം നാളെ
Mail This Article
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കുറ്റാരോപിതരായവർക്ക് എതിരെ കേസെടുക്കുക, മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുക, ആരോപണങ്ങളിൽ മന്ത്രി ഗണേഷ്കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു നാളെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ.
-
Also Read
സിനിമ വിവാദത്തിനിടെ നാളെ മന്ത്രിസഭ
‘ആക്‌ഷൻ ഓൺ ഹേമ റിപ്പോർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി ഡിസിസികളുടെ നേതൃത്വത്തിൽ കലക്ടറേറ്റുകൾക്കു മുന്നിലാണു പ്രതിഷേധം. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിക്കും. സെപ്റ്റംബർ 2നു യുഡിഎഫ് സെക്രട്ടേറിയറ്റിനു മുൻപിൽ ഇതേ വിഷയത്തിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തിരുവനന്തപുരത്തു നാളെ കോൺഗ്രസിന്റെ പ്രതിഷേധം ഇല്ല.
വിവരാവകാശ കമ്മിഷൻ നിർദേശിക്കാത്ത ഭാഗങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ ഒഴിവാക്കി സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്, സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ചിലരെ രക്ഷിക്കാനാണെന്നു കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു ആരോപിച്ചു. രഞ്ജിത്, എം.മുകേഷ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. എന്നാൽ സിനിമാകോൺക്ലേവിന്റെ നയരൂപീകരണ സമിതിയിൽ മുകേഷ് തുടരുന്നു. അതുല്യ കലാകാരൻ തിലകനെ വിലക്കുന്നതിനായി ഗണേഷ്കുമാർ ഇടപെട്ടെന്നത് ഗുരുതര ആരോപണമാണ്. കുറ്റാരോപിതരെ സംരക്ഷിക്കാനും മഹത്വവൽകരിക്കാനുമാണ് മന്ത്രി സജി ചെറിയാൻ ശ്രമിച്ചതെന്നും ലിജു കുറ്റപ്പെടുത്തി.