നിർമിതി കേന്ദ്രം: അന്ത്യശാസനവുമായി എംജി; കോർപറേറ്റ് ഓഫിസ് തുടരാൻ അനുവദിക്കണമെന്ന ആവശ്യം സർവകലാശാല തള്ളി
Mail This Article
കോട്ടയം ∙ ക്യാംപസ് കയ്യേറി സംസ്ഥാന നിർമിതി കേന്ദ്രം സ്ഥാപിച്ച കോർപറേറ്റ് ഓഫിസ് ഒഴിയണമെന്ന് എംജി സർവകലാശാല. ഓഫിസ് തുടരാൻ അനുവദിക്കണമെന്ന നിർമിതി കേന്ദ്രത്തിന്റെ ആവശ്യം സർവകലാശാല തള്ളി. ഇതോടെ, കോർപറേറ്റ് ഓഫിസ് കോഴ്സ് സെന്ററാക്കണമെന്ന പുതിയ ആവശ്യവുമായി സർക്കാർ രംഗത്തെത്തി.
സംസ്ഥാന ഭവനനിർമാണ ബോർഡിനു കീഴിലുള്ള ഓഫിസാണു നിർമിതി കേന്ദ്രം. എംജി സർവകലാശാലാ ക്യാംപസിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിനു കൺസൽറ്റൻസി പ്രോജക്ടുമായാണു നിർമിതി കേന്ദ്രം ഇവിടെയെത്തുന്നത്. പ്രോജക്ട് അംഗീകരിച്ചതോടെ നിർമാണ കാലയളവിലേക്കു മാത്രമായി സൈറ്റ് ഓഫിസിനു ക്യാംപസിൽ തന്നെ നാൽപാത്തിമലയിൽ സ്ഥലം നൽകി.
എന്നാൽ, നിർമാണം പൂർത്തിയായിട്ടും സൈറ്റ് ഓഫിസ് ഒഴിഞ്ഞില്ല. മാത്രമല്ല, നിർമിതി കേന്ദ്രത്തിന്റെ കോർപറേറ്റ് ഓഫിസാക്കി മാറ്റി പ്രവർത്തനം തുടർന്നു. ആർക്കിടെക്ചറൽ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്. സർവകലാശാല നൽകിയ നോട്ടിസുകൾ അവഗണിച്ചതോടെയാണു റജിസ്ട്രാർ അന്ത്യശാസനം നൽകിയത്.
സിവിൽ എൻജിനീയറിങ് ബിരുദധാരികൾക്കു സംസ്ഥാന നിർമിതി കേന്ദ്രം നൈപുണ്യ വികസന കോഴ്സ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിലും നിർമിതി കേന്ദ്രം നടത്തിയ പരീക്ഷണം വിജയിച്ചു. ത്രീഡി പ്രിന്റിങ് വഴി സ്മാർട് വില്ലേജ് ഓഫിസുകളും മറ്റും നിർമിക്കാനുള്ള ഓർഡർ ലഭിക്കുന്നുണ്ടെന്നും തെക്കൻ കേരളത്തിൽ അതിന്റെ പ്രചാരണത്തിന് ഈ ഓഫിസ് നിലനിർത്തണമെന്നും നിർമിതി കേന്ദ്രം ആവശ്യപ്പെടുന്നു.