ADVERTISEMENT

തിരുവനന്തപുരം∙ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷന്റെ മുദ്രവിലയും ഫീസും ഒഴിവാക്കും. സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകുമ്പോഴുമാണ് ഇളവ്. പൊതുതാൽപര്യമുള്ള പദ്ധതികൾക്കു ഭൂമി കൈമാറുമ്പോൾ റജിസ്ട്രേഷൻ ഫീസും മുദ്രവിലയും ഒഴിവാക്കാൻ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിൽ ലൈഫ് പദ്ധതി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

പിഎസ്‍സി മുഖേന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പിൽ മികച്ച താരങ്ങൾക്ക് അധികം മാർക്ക് നൽകുന്നതിനായി 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. നിലവിലുള്ള 40 ഇനങ്ങൾക്കൊപ്പം റോളർ സ്കേറ്റിങ്, ടഗ് ഓഫ് വാർ, റേസ് ബോട്ട്  ആൻഡ് അമച്വർ റോവിങ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്‍ലിങ്, അമച്വർ ബോക്സിങ്, യോഗ, സെപക് താക്രോ, റഗ്ബി, റോൾബോൾ എന്നിവയാണ് ഉൾപ്പെടുത്തുക. 

ഇടുക്കി പീരുമേട് സ്പെഷൽ ഭൂ പതിവ് ഓഫിസിലെ 19 താൽക്കാലിക തസ്തികകൾക്കു 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും. ഡപ്യൂട്ടി തഹസിൽദാർ–1, സീനിയർ ക്ലാർക്ക് /എസ്‌വിഒ– 3, ജൂനിയർ ക്ലാർക്ക്/വിഎ-2, ടൈപ്പിസ്റ്റ്–1, പ്യൂൺ–1 എന്നീ തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കും നിയമനം. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ നാലു മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിൽ സൂപ്രണ്ടിന്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തസ്തികകളിൽ പൊതുഭരണ വകുപ്പിനു കീഴിലുള്ള സെക്‌ഷൻ ഓഫിസർമാരെ ഡപ്യൂട്ടേഷൻ വഴി നിയമിക്കും.

English Summary:

Life Mission Project: Registration fee and stamp duty waived upto ten cents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com