ADVERTISEMENT

തിരുവനന്തപുരം∙ പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങൾക്കായുള്ള സഹകരണ പുനരുദ്ധാരണ നിധി യാഥാർഥ്യമായി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.  സഹകരണ വകുപ്പു മന്ത്രി അധ്യക്ഷനായ സംസ്ഥാന ഉന്നതതല സമിതിയാണ് ഫണ്ട് അനുവദിക്കുക. സഹകരണ സെക്രട്ടറി, സഹകരണ സംഘം റജിസ്‌ട്രാർ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, പാക്സ് അസോസിയേഷൻ പ്രസിഡന്റ്, സഹകരണ സംഘം അഡീഷനൽ റജിസ്ട്രാർ (ക്രെഡിറ്റ്), സർക്കാർ നാമനിർദേശം ചെയ്യുന്ന 2 വിദഗ്ധർ എന്നിവരാണ് അംഗങ്ങൾ.  

കേരള സഹകരണ സംഘം നിയമപ്രകാരം റജിസ്റ്റർ ചെയ്ത സംഘങ്ങൾക്കായാണു പദ്ധതി. പ്രവർത്തന വൈകല്യം, പ്രവർത്തന മൂലധനത്തിന്റെ അഭാവം, ഹ്രസ്വകാല പണലഭ്യതക്കുറവ് തുടങ്ങിയവ മൂലം മന്ദീഭവിച്ച സംഘങ്ങളിൽ പുനരു‍ജ്ജീവിപ്പിക്കാനാകുന്ന സഹകരണ സംഘങ്ങളെയാണു പരിഗണിക്കുക.

ധനസഹായം ആവശ്യമുള്ള സംഘം പദ്ധതി രേഖ തയാറാക്കി ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാർശയോടെ സംഘം റജിസ്ട്രാർ മുഖാന്തരം സമിതിക്കു സമർപ്പിക്കണം. വ്യവസ്ഥകൾക്കു വിധേയമായാണു തുക അനുവദിക്കുക. ഈ പണം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാനാവില്ല. ആദ്യ 2 വർഷം തിരിച്ചടവിന് മൊറട്ടോറിയം ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെയാണ് തിരിച്ചടവ് കാലയളവ്. തിരിച്ചടവ് തവണകളും പലിശ നിരക്കും കാലാകാലങ്ങളിൽ നിശ്ചയിച്ചു നൽകും. സംഘം കരുതൽ ധനമായി സ്വരൂപിച്ചിട്ടുള്ള തുകയും വ്യവസ്ഥകൾക്കു വിധേയമായി വിനിയോഗിക്കാം. 

ഫണ്ട് എവിടെനിന്ന്?

സഹകരണസംഘങ്ങളുടെ കരുതൽ ധനത്തിന്റെ 50 ശതമാനത്തിൽ കൂടാത്ത തുക, കാർഷിക വായ്പാ സംഘങ്ങളുടെ അറ്റാദായത്തിൽനിന്നു നീക്കിവച്ചിരിക്കുന്ന അഗ്രികൾചറൽ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ടിന്റെ 50 ശതമാനത്തിൽ കൂടാത്ത തുക, കാലാകാലങ്ങളിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുവദിക്കുന്ന തുക, ഈ സ്‌കീമിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഫണ്ടിലേക്കു ക്രെഡിറ്റ് ചെയ്യാവുന്ന മറ്റേതെങ്കിലും തുക തുടങ്ങിയവയാണ് ഇതിലേക്കു ലഭിക്കുക.

ഫണ്ട് പ്രകാരം ലഭിക്കുന്ന തുക സംസ്ഥാന സഹകരണ ബാങ്കിൽ നിക്ഷേപിക്കും. ഈ തുകയ്ക്ക് സഹകരണ സംഘങ്ങൾ നിക്ഷേപിക്കുന്ന കരുതൽ ധനത്തിനു നൽകി വരുന്ന പലിശ നിരക്കിൽ കുറയാത്ത പലിശ നിരക്ക് ലഭിക്കും. സഹകരണ സംഘം റജിസ്ട്രാർ ഓഫിസിലെ അഡിഷനൽ റജിസ്ട്രാർ (പ്ലാനിങ് & ഐസിഡിപി) പദ്ധതിയുടെ ഫണ്ട് മാനേജരായി പ്രവർത്തിക്കും.

English Summary:

Co-operative Restoration Fund formed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com