ADVERTISEMENT

മേപ്പാടി (വയനാട്) ∙ പെരുമഴക്കാലത്തെല്ലാം ചൂരൽമല–മുണ്ടക്കൈക്കാരുടെ അഭയകേന്ദ്രമായിരുന്നു വെള്ളാർമല സ്കൂൾ. അവിടെയുള്ള ക്യാംപുകളിൽ നിന്നാണു ദുരിതകാലം താണ്ടി അവർ ജീവിതത്തിലേക്കു തിരിച്ചെത്തിയിരുന്നത്. ഏറ്റവുമൊടുവിൽ മഹാദുരന്തമായി ഉരുൾ പൊട്ടിയെത്തിയപ്പോഴും അതിന്റെ ആഘാതം തെല്ലൊന്നു കുറച്ചതു കാര്യമായ പരുക്കേൽക്കാതെ നിന്ന ആ സ്കൂൾ കെട്ടിടമാണ്. ഉരുളിലും ഉലയാതെ വെള്ളാർമല സ്കൂൾ നിന്നതിനാൽ ചൂരൽമല പട്ടണം അൽപമെങ്കിലും ബാക്കിയായി. 

അചഞ്ചലമായി നിന്നുള്ള ആ ‘രക്ഷാപ്രവർത്തന’ത്തിൽ ചെളിയടിഞ്ഞും പൊട്ടിയടർന്നും മുറിവേറ്റ കെട്ടിടം ചൂരൽമലയിൽ ബാക്കിയാക്കി വെള്ളാർമല ജിവിഎച്ച്എസ്എസ് ഇന്നുമുതൽ മേപ്പാടി ജിവിഎച്ച്എസിൽ പുനരാരംഭിക്കും. തൊട്ടടുത്ത് എപിജെ അബ്ദുൽകലാം കമ്യൂണിറ്റി ഹാളിൽ മുണ്ടക്കൈ ജിഎൽപിഎസിനും പുനർജനി. രണ്ടു സ്കൂളുകളുടെയും പേരെഴുതിയ പുതിയ ബോർഡുകൾ മേപ്പാടിയിൽ സ്ഥാപിച്ചിട്ടുണ്ട്. 

ഉരുൾപൊട്ടലിൽ 2 സ്കൂളുകളിലുമായി 36 കുട്ടികൾ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു. രണ്ടു സ്കൂളിലെയും 614 വിദ്യാർഥികൾക്കാണ് ഇനി മേപ്പാടി സ്കൂളിലും കമ്യൂണിറ്റി ഹാളിലും തുടർപഠനം. പഠിച്ചും കളിച്ചും ഒപ്പമുണ്ടായിരുന്നവരെ ഉരുൾ പൊട്ടലെടുത്തതിന്റെ മുറിവുണങ്ങാത്ത മനസ്സുമായി സഹപാഠികൾ ഇന്നു വീണ്ടും ക്ലാസ്സുകളിലെത്തും. അതിജീവന പാഠം ഉരുവിട്ട് അധ്യാപകരും കൈവിടാതെ കൂടെയുണ്ടാകുമെന്ന ഉറപ്പുമായി ഒരു നാടും ഒപ്പമുണ്ടാകും. മനസ്സ് പതറാതിരിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പലതവണ കൗൺസലിങ് നൽകിയിരുന്നു. 

ഇന്നലെ സ്കൂൾ തുറക്കലിനു മുന്നോടിയായി പിടിഎയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്കൂളും കമ്യൂണിറ്റി ഹാളും പരിസരവും അലങ്കരിച്ചു. 

24 ദിവസം ക്യാംപായി പ്രവർത്തിച്ച മേപ്പാടി സ്കൂളിൽ കഴിഞ്ഞ ദിവസം അധ്യയനം പുനഃരാരംഭിച്ചിരുന്നു. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളുടെ പുനഃപ്രവേശനോത്സവം ഇന്നു 10ന് മേപ്പാടിയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

English Summary:

Schools in Vellarmala, Mundakkai opens today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com