ADVERTISEMENT

കൊച്ചി∙ അതിജീവിതയായ നടിയുടെ പരാതിയിൽ പീഡനക്കേസിലും സ്ത്രീത്വത്തെ അപമാനിച്ച കേസിലും പ്രതികളായ നടൻ എം.മുകേഷ് എംഎൽഎ, അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രാഥമിക വാദം കേട്ടു. ഇതേ അതിജീവിതയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതിയിലെത്തിയതോടെ നാലു ഹർജികളും ഇന്ന് ഒരുമിച്ചു പരിഗണിക്കാൻ മാറ്റി. മുകേഷിന്റെയും ചന്ദ്രശേഖരന്റെയും അറസ്റ്റ് ഇന്നുവരെ കോടതി തടഞ്ഞിട്ടുണ്ട്.

ഇതിൽ മണിയൻപിള്ള രാജു ഒഴികെ മൂന്നുപേർക്കും എതിരെ പീഡനക്കുറ്റത്തിനാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടവേള ബാബു ഒഴികെയുള്ളവരുടെ ഹർജികളിൽ കോടതി ഇന്നലെ രണ്ടു മണിക്കൂർ വാദം കേട്ട ശേഷമാണു നാലു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ ഇന്നത്തേക്കു മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി. കൃഷ്ണൻ ഹാജരായി.

അതിജീവിതയ്ക്ക് അടുത്തകാലം വരെ നടൻ മുകേഷുമായുണ്ടായിരുന്ന സൗഹൃദം തെളിയിക്കാനുള്ള ഡിജിറ്റൽ രേഖകളാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോപോൾ കോടതിക്കു കൈമാറിയത്. സമാന സ്വഭാവമുള്ള പരാതികൾ വർഷങ്ങൾക്കു മുൻപു തന്നെ ഇതേ പരാതിക്കാരി പലർക്കുമെതിരെ ഉന്നയിച്ചതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനു പ്രതിയായ മണിയൻപിള്ള രാജു കുറ്റകൃത്യം ചെയ്തതായി പറയുന്ന കാലത്തു ഈ കുറ്റം പൊലീസിനു ജാമ്യം നൽകാൻ കഴിയുന്ന കുറ്റകൃത്യമായിരുന്നെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു പ്രതിഭാഗം പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി ഹണി എം.വർഗീസാണു ഹർജികൾ പരിഗണിക്കുന്നത്. പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നതിനാൽ കേസിൽ അടച്ചിട്ട കോടതി മുറിയിലാണു വാദം നടക്കുന്നത്. 

ഉടൻ അറസ്റ്റ് ഉണ്ടാകില്ല: എഐജി

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള വെളിപ്പെടുത്തലുകളോട് അനുബന്ധിച്ച് റജിസ്റ്റർ ചെയ്ത കേസുകളിൽ ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നു പ്രത്യേകാന്വേഷണ സംഘാംഗമായ കോസ്റ്റൽ പൊലീസ് എഐജി ജി.പൂങ്കുഴലി. വർഷങ്ങൾക്കു മുൻപു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണു കേസുകളിലേറെയും. ഇതിനാൽ വിശദമായ അന്വേഷണം വേണം. പ്രതികളിൽ പലരും മുൻകൂർ ജാമ്യത്തിനായി കോടതികളെ സമീപിച്ച സാഹചര്യത്തിൽ ഇതിലുള്ള തീരുമാനം കൂടി പരിഗണിച്ചായിരിക്കും തുടർന്നുള്ള ചോദ്യംചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ – എഐജി പറഞ്ഞു.

English Summary:

Petitions of Mukesh and others will be considered today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com