ഓണസമ്മാനം, സന്തോഷം!: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്
Mail This Article
തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു ബോണസ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണ അനുവദിച്ച ബോണസിൽ കുറയാത്ത തുക ലഭിക്കും. മുൻവർഷത്തെക്കാൾ കൂടുതൽ പ്രവർത്തനലാഭമുണ്ടാക്കിയ സ്ഥാപനങ്ങളിൽ ഉയർന്ന ബോണസ് പരിഗണിക്കും. മുൻവർഷം ലഭിച്ച ബോണസിന്റെ 2–8% വരെ തുക അധികമായി നൽകാനാണ് ആലോചന.
കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാനുള്ള ബോർഡ് യോഗത്തിന്റെ തീരുമാനത്തിനു മന്ത്രിസഭ അംഗീകാരം നൽകി.
∙ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കെഎസ്ആർടിസിക്ക് സർക്കാർ 30 കോടി രൂപ കൂടി അനുവദിച്ചു. ഈയിനത്തിൽ പ്രതിമാസം 50 കോടി രൂപ കോർപറേഷനു സഹായം നൽകുന്നുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്‌ആർടിസിക്ക് വകയിരുത്തിയ 900 കോടി രൂപയിൽ 688.43 കോടി ലഭ്യമാക്കി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5970 കോടി രൂപ കോർപറേഷന് നൽകി.
∙ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 1,833 തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ (20 കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ) അടങ്ങുന്ന ഓണക്കിറ്റ് സപ്ലൈകോ വഴി നൽകും.
∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽനിന്നു കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് 57 കോടി രൂപ കൈമാറി. മന്ത്രി കെ.എൻ.ബാലഗോപാലിൽനിന്ന് മന്ത്രി വീണാ ജോർജ് ചെക്ക് സ്വീകരിച്ചു.
∙ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിലെ ഓഫിസ് അറ്റൻഡന്റ്, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിൽ 10–ാം ശമ്പള പരിഷ്കരണം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യമുണ്ടാവും.
∙ പത്രപ്രവർത്തക പെൻഷൻ, ഇതര പെൻഷൻ എന്നിവയടക്കം മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പിആർഡിയിൽ ഡപ്യൂട്ടി ഡയറക്ടർ, സെക്‌ഷൻ ഓഫിസർ, 2 അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിക്കും.
∙ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ നിയമിക്കാൻ പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി റാങ്കിൽ തസ്തിക സൃഷ്ടിക്കും.
∙ കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കംപ്യൂട്ടർ അസിസ്റ്റന്റ്, യുഡി ക്ലാർക്ക് എന്നിവയുടെ ഓരോ തസ്തികകളും എൽഡി ക്ലാർക്കിന്റെ 2 തസ്തികകളും സൃഷ്ടിക്കും. അധിക തസ്തികകൾക്കുള്ള ചെലവ് കൗൺസിൽ തന്നെ കണ്ടെത്തണം.
അതിദരിദ്രരുടെ പട്ടിക: വീട് വാടകയ്‌ക്കെടുത്ത് നൽകാം
തിരുവനന്തപുരം ∙ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട അതിദരിദ്രരുടെ പട്ടികയിൽ ഉള്ളവർക്ക് വീടുകൾ വാടകയ്‌ക്കെടുത്തു നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി. പഞ്ചായത്തുകളിൽ 5000 രൂപയും നഗരസഭകളിൽ 7000 രൂപയും കോർപറേഷനിൽ 8000 രൂപയുമാണ് പരമാവധി നൽകുന്ന വാടക.
പരമാവധി 2 വർഷത്തേക്ക് ഇത്തരത്തിൽ വീടുകൾ വാടകയ്ക്കെടുത്തു നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
സ്വകാര്യ മേഖലയിലും ലോജിസ്റ്റിക്സ് പാർക്ക്
തിരുവനന്തപുരം∙ സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള ലോജിസ്റ്റിക്സ് പാർക്ക് നയത്തിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 10 ഏക്കറിൽ ലോജിസ്റ്റിക്സ് പാർക്കുകളും 5 ഏക്കറിൽ മിനി ലോജിസ്റ്റിക്സ് പാർക്കുകളും സ്ഥാപിക്കും. പൊതു, സ്വകാര്യ പങ്കാളിത്തത്തിനു പുറമേ പൂർണമായി സ്വകാര്യ മേഖലയിലും പാർക്കുകൾ സ്ഥാപിക്കാം.
പാർക്കുകളിലെ ഇടപാടുകൾ ലളിതമാക്കാൻ ഏകജാലക സൗകര്യമൊരുക്കും. ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി 7 കോടി രൂപയും മിനി ലോജിസ്റ്റിക്സ് പാർക്കിന് 3 കോടിയും മൂലധന സബ്സിഡി ലഭ്യമാക്കും.
പാർക്കുകൾക്കായി ഭൂമി ഏറ്റെടുക്കുമ്പോഴും പാട്ടത്തിനെടുക്കുമ്പോഴും സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. ലോജിസ്റ്റിക്സ് കോ ഓർഡിനേഷൻ കമ്മിറ്റിയും സെല്ലും രൂപീകരിക്കും.