എരിയ സമ്മേളനത്തിനു മുൻപ് മൊറാഴയിലെ മുറിവുണക്കാൻ സിപിഎം നേതൃത്വം
Mail This Article
മൊറാഴ (കണ്ണൂർ) ∙ അംഗങ്ങൾ സിപിഎം ബ്രാഞ്ച് സമ്മേളനം ബഹിഷ്കരിച്ച മൊറാഴ അഞ്ചാംപീടികയിൽ പ്രശ്ന പരിഹാരത്തിന് നേതൃത്വം ശ്രമമാരംഭിച്ചു. പ്രശ്നത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ ഇടപെടുന്നുണ്ട്. സിപിഎം തളിപ്പറമ്പ് ഏരിയ സമ്മേളനം നവംബർ 2,3 തീയതികളിൽ മൊറാഴയിലാണു നടക്കേണ്ടത്. ഇതിനു മുൻപായി പ്രശ്നങ്ങൾ തീർക്കാനാണു ശ്രമം. നടക്കാതെ പോയ ബ്രാഞ്ച് സമ്മേളനം ലോക്കൽ സമ്മേളനങ്ങൾക്കു ശേഷം നടത്താനാണ് ആലോചന.
ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി തിരുത്തിച്ചാൽ കൂടുതൽ വിവാദം ഉണ്ടാകുമെന്നു പറഞ്ഞ് പ്രവർത്തകരെ അനുനയിപ്പിക്കാനാണു ശ്രമം. നടപടികൾ നിയമപ്രകാരമാണെന്നും പുനരാലോചനയുടെ ആവശ്യമില്ലെന്നുമാണ് ശിശുക്ഷേമ വകുപ്പ് പറയുന്നത്. കുട്ടികളോട് മോശമായി പെരുമാറിയതിന്റെ പേരിൽ ദേവർകുന്ന് അങ്കണവാടിയിലെ 2 ജീവനക്കാരെയാണു സ്ഥലം മാറ്റിയത്. സംഭവത്തിൽ പങ്കില്ലാത്തയാളെ ദൂരേക്കു മാറ്റിയെന്നും അവരെ തിരികെ എത്തിക്കണമെന്നുമാണ് സമ്മേളനം ബഹിഷ്കരിച്ചവരുടെ ആവശ്യം.
രക്ഷിതാക്കൾ കുട്ടികളെ അയയ്ക്കാത്തതിനാൽ ഒന്നര മാസം പൂട്ടിയിട്ട അങ്കണവാടി സിപിഎം പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ തുറന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ 2 ജീവനക്കാരും കുറ്റം സമ്മതിച്ചെന്നാണ് ശിശുക്ഷേമ വകുപ്പ് പറയുന്നത്. ആന്തൂർ നഗരസഭാധികൃതരെയും വാർഡ് കൗൺസിലറെയും അറിയിച്ചാണ് നടപടി സ്വീകരിച്ചതെന്നും വിശദീകരിക്കുന്നു.
നിസ്സാര പ്രശ്നത്തിന്റെ പേരിൽ ബ്രാഞ്ചിലെ 14 അംഗങ്ങളും സമ്മേളനം ബഹിഷികരിക്കുമെന്ന് നേതൃത്വം കരുതിയിരുന്നില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാട്ടിലെ ബഹിഷ്കരണം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സമ്മേളനം ലോക്കൽ കമ്മിറ്റി നിശ്ചയിച്ച ദിവസം തന്നെ നിർബന്ധമായും നടത്തണമെന്ന നിർദേശം നിലനിൽക്കെയാണ് കൂട്ട ബഹിഷ്കരണം. കമ്യൂണിസ്റ്റ് ചരിത്രത്തിൽ ത്യാഗോജ്വല പോരാട്ടമായി വിലയിരുത്തപ്പെടുന്ന മൊറാഴ കർഷക സമരം നടന്ന പ്രദേശമാണ് അഞ്ചാംപീടിക.