എഡിജിപി – അൻവർ വിവാദം: അതൃപ്തി അറിയിക്കാൻ കേരള കോൺഗ്രസ് (എം)
Mail This Article
കോട്ടയം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലും ഈ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നടപടിയിലുമുള്ള അതൃപ്തി കേരള കോൺഗ്രസ് (എം) മന്ത്രിസഭായോഗത്തിലും ഇടതുമുന്നണി യോഗത്തിലും അറിയിക്കും.
ഈയിടെ വിവിധ വിഷയങ്ങളിലും വിവാദങ്ങളിലും സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത അസംതൃപ്തിയിലാണു കേരള കോൺഗ്രസ് (എം). ഇക്കാര്യം ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അറിയിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ സംഭവങ്ങളും ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നുള്ള ഇ.പി.ജയരാജന്റെ പുറത്താകലും അവമതിപ്പുണ്ടാക്കിയെന്നാണു കേരള കോൺഗ്രസിന്റെ (എം) വിലയിരുത്തൽ. എഡിജിപി വിവാദത്തിൽ കടുത്ത നടപടിയെടുക്കുമെന്നു തോന്നിപ്പിച്ചശേഷം സർക്കാർ എഡിജിപിക്കു കീഴടങ്ങുന്ന മട്ടിലായി കാര്യങ്ങളെന്നാണു കേരള കോൺഗ്രസ് (എം) എംഎൽഎമാരുടെ അഭിപ്രായം. ഇക്കാര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണു പാർട്ടി നിലപാടെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി പറഞ്ഞു.
കേരള കോൺഗ്രസിന്റെ (എം) പോഷകസംഘടനകളുടെ പ്രവർത്തനം നിർജീവമായ സ്ഥിതിയിലാണെന്നും എംഎൽഎമാർ വിമർശനം ഉന്നയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ പാർട്ടിയുടെ 5 എംഎൽഎമാരും ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും യോഗത്തിൽ പങ്കെടുത്തു.