ADVERTISEMENT

കോഴിക്കോട് ∙ വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു വഴിവച്ച സുഗന്ധഗിരി വനം കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കുന്നു. മേൽനോട്ടപ്പിഴവുകൾ വരുത്തിയ ഡിഎഫ്ഒയ്ക്കെതിരെ അന്വേഷണം വേണമെന്ന വനം വിജിലൻസിന്റെയും വനം വകുപ്പിന്റെയും ശുപാർശ തള്ളി സർക്കാർതലത്തിൽ ഫയൽ തീർപ്പാക്കാൻ നടപടി ആരംഭിച്ചു.

നൂറിലേറെ മരങ്ങൾ നഷ്ടപ്പെട്ട കേസിൽ മഹസർ തയാറാക്കുന്നതിനായി മില്ലുകളിൽ നിന്നു തൊണ്ടിമുതലായ മരങ്ങൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കി, സ്വകാര്യ എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ചു പകരം കണക്കിൽ കാണിച്ചിരിക്കുകയാണെന്നാണു സൂചന. വനത്തിൽ ശേഷിക്കുന്ന യഥാർഥ മരത്തിന്റെ കുറ്റിയും വനംവകുപ്പു പിടിച്ചെടുത്ത മരക്കഷണവും ‍‍ഡിഎൻഎ പരിശോധനയിലും അളവെടുപ്പിലും യോജിക്കാതാവുന്നതോടെ കേസ് തന്നെ കോടതി തള്ളുന്ന സ്ഥിതിയാകുമെന്നു വനം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ.ഷജ്ന ഉൾപ്പെടെ 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് സുഗന്ധഗിരി വനം കൊള്ള കേസിൽ നടപടിയെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഷജ്നയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയ വകുപ്പ്, 20 മണിക്കൂറിനുള്ളിൽ അതു പിൻവലിച്ച വിചിത്ര സംഭവവും ഈ കേസിലുണ്ടായി. അതിനു ശേഷമാണു കാസർകോട്ടേക്കു സ്ഥലം മാറ്റിയത്.

ഗുരുതരമായ മേൽനോട്ടപ്പിഴവ് ഡിഎഫ്ഒയുടെ ഭാഗത്തു നിന്നുണ്ടായി എന്നാണ് വിജിലൻസ് റിപ്പോർട്ട്. അവരുടെ ഭാഗം കേട്ട് നടപടി തുടരാവുന്നതാണെന്നാണ് വനം വകുപ്പിന്റെ ശുപാർശ. എന്നാൽ ഈ ശുപാർശ മറികടന്ന് സർക്കാർ തന്നെ നേരിട്ട് ഫയൽ പരിശോധിച്ച് നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മുറിച്ചു പോയ മരങ്ങളെല്ലാം പിടിച്ചെടുത്തതിനാൽ സർക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നും അതിനാൽ നടപടികൾ അവസാനിപ്പിക്കാമെന്നുമാണു സർക്കാർ ന്യായം.

സുഗന്ധഗിരിയിൽ ജീവനു ഭീഷണിയായ 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ 106 മരങ്ങൾ അനധികൃതമായി വെട്ടി കടത്തിയതാണ് കേസിന് ആധാരം. പതിനൊന്നു പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള മഹസർ തയാറാക്കൽ നടക്കുന്നതിനിടയിലാണു കുറ്റിയും മരക്കഷണങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നു വ്യക്തമായത്. ചേലോട് എസ്റ്റേറ്റിലെ സ്വകാര്യ ഭൂമിയിൽ നിന്നു മുറിച്ച മരങ്ങളാണു സുഗന്ധഗിരിയിൽ എത്തിച്ചതെന്നാണു സൂചന.

English Summary:

Sughandhagiry forest robbery case: Sabotaging investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com