ജാതി സർട്ടിഫിക്കറ്റിന്റെ സാധുത ചോദ്യം ചെയ്തിട്ടില്ല; ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ദേവികുളം എംഎൽഎ എ.രാജയുടെ ജാതി സർട്ടിഫിക്കറ്റ് ഹർജിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ, കേരള ഹൈക്കോടതി നിയമസഭാംഗത്വം അസാധുവാക്കിയത് എങ്ങനെയെന്നു സുപ്രീം കോടതി ചോദ്യമുന്നയിച്ചു. രാജയുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് യുഡിഎഫ് സ്ഥാനാർഥിയും കേസിലെ ഹർജിക്കാരനുമായ ഡി.കുമാർ ചോദ്യംചെയ്തിരുന്നില്ലെന്ന് ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ്.ഓക്ക ചൂണ്ടിക്കാട്ടി. ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തെളിവുകളെ ചുറ്റിപ്പറ്റിയുള്ളതാണ് ഹർജി. സർട്ടിഫിക്കറ്റിന്റെ സാധുത ചോദ്യംചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പു ഹർജികളിൽ ജാതി സർട്ടിഫിക്കറ്റിന്റെ സാധുത വിഷയം പരിഗണിക്കുമോയെന്ന കാര്യവും കോടതി ഉന്നയിച്ചു. ഈ വിഷയങ്ങളിൽ വിശദമായ വാദം കേട്ട ശേഷമേ മറ്റു വിഷയങ്ങളിലേക്കു കടക്കാൻ കഴിയുവെന്നു വ്യക്തമാക്കിയ കോടതി, ഹർജി 11നു പരിഗണിക്കാനായി മാറ്റി.
അതേസമയം, ഡി.കുമാറിനു വേണ്ടി നേരത്തെ ഹാജരായ അഭിഭാഷകനായ അൽജോ കെ.ജോസഫിനു പുറമേ, നരേന്ദർ ഹൂഡ കൂടി ഹാജരായതിലും കോടതി അതൃപ്തി അറിയിച്ചു. രാജയ്ക്കു വേണ്ടി ഹാജരാകുന്ന വി.ഗിരി നേരത്തേ വാദം പൂർത്തിയാക്കിയിരുന്നു. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. പിന്നാലെ, രാജ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.