പി.ശശിക്കെതിരെ ജയരാജന്റെ ‘ആർമി’
Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ സിപിഎം സമ്മേളനങ്ങളിൽ ചർച്ചയാക്കണമെന്ന ആഹ്വാനവുമായി പി.ജയരാജന്റെ അനുയായികൾ. സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജനു വേണ്ടി സമൂഹമാധ്യമങ്ങളിൽ ശബ്ദമുയർത്തുന്നവരുടെ കൂട്ടായ്മയായ ‘റെഡ് ആർമി’യാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ടത് ‘പുഴുക്കുത്തുകളായ ശശിമാരെക്കുറിച്ചാകണമെന്നു’ നിർദേശിച്ചത്. സർക്കാരിനെയും പാർട്ടിയെയും ജനങ്ങൾക്കു മുന്നിൽ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഓശാന പാടിയ വർഗവഞ്ചകരെ ഒരുകാരണവശാലും സ്ഥാനത്തു തുടരാനോ പാർട്ടിയിൽ വച്ചുപൊറുപ്പിക്കാനോ പാടില്ലെന്നാണ് ആഹ്വാനം.
പൊളിറ്റിക്കൽ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്നു പാർട്ടിയുടെ അടിവേരു പിഴുതെറിയാൻ ഇറങ്ങിത്തിരിച്ച പൊലീസ് ക്രിമിനലെന്നാണ് എഡിജിപി എം.ആർ.അജിത്കുമാറിനെ വിശേഷിപ്പിക്കുന്നത്. സഖാക്കളെ തെരുവിലും പൊലീസ് സ്റ്റേഷനുകളിലും തല്ലിച്ചതയ്ക്കാനും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനും പൊലീസിനു സ്വാതന്ത്ര്യം നൽകിയതു ശശിയാണ്.
രക്തസാക്ഷികളുടെ ചോരകൊണ്ടു തുടുത്ത പാർട്ടിക്കു കളങ്കമേൽപിക്കുന്നവർ ആരായാലും വച്ചുപൊറുപ്പിക്കരുത്. സമ്മേളനങ്ങൾ ചർച്ചചെയ്യേണ്ടത് ഇതുപോലുള്ള പുഴുക്കുത്തുകളെ തുറന്നുകാട്ടുന്ന വിഷയങ്ങളാണ്. തുടർച്ചയായ അധികാരത്തിന്റെ സുഖലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്നു വ്യതിചലിച്ചുപോയോ എന്നു പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.
പാർട്ടി അംഗത്വമില്ലാത്ത പി.വി.അൻവർ വിപ്ലവമാതൃകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണെന്ന് ഓർക്കണമെന്നും പി.ജയരാജന്റെ അനുയായികൾ നേതൃത്വത്തോടു പറയുന്നു. നേരത്തേ പി.ജയരാജന്റെ അനുയായികൾ ഉണ്ടാക്കിയ പിജെ ആർമിയെന്ന സമൂഹമാധ്യമ കൂട്ടായ്മയാണു പേരുമാറ്റി റെഡ് ആർമിയായത്. വ്യക്തിപൂജാവിവാദത്തിൽ പി.ജയരാജൻ പാർട്ടി നടപടി നേരിട്ടപ്പോഴായിരുന്നു പേരുമാറ്റം.