കേന്ദ്ര അവഗണന: 5 സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ കോൺക്ലേവിനു കേരളം
Mail This Article
തിരുവനന്തപുരം ∙ 16–ാം ധനകാര്യ കമ്മിഷനു മുന്നിൽ സംസ്ഥാനങ്ങൾ ഉന്നയിക്കേണ്ട ആവശ്യങ്ങൾ ചർച്ച ചെയ്യാൻ 5 സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ കോൺക്ലേവ് കേരള സർക്കാർ സംഘടിപ്പിക്കുന്നു. 12ന് പത്തുമണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ധനകാര്യ വിദഗ്ധരും പങ്കെടുക്കും.
ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുമായി ആശയവിനിമയം ആരംഭിച്ച സാഹചര്യത്തിലാണ് കോൺക്ലേവെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വേദികളിൽ പ്രധാനമാണ് കമ്മിഷൻ. രാജ്യത്തെ പൊതുചെലവിന്റെ 62.4% സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുമ്പോൾ വരുമാനത്തിന്റെ 37.3% മാത്രമാണു സംസ്ഥാനങ്ങൾക്കു ലഭിക്കുന്നത്. ഇത് സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടം വരുത്തുന്നു. സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് ഈ ഘട്ടത്തിൽ അനിവാര്യമാണ്. ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ല ക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
12ന് ഉച്ചയ്ക്കുശേഷം ചർച്ചയിൽ വിഷയ വിദഗ്ധരുടെ വലിയ നിര പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യൻ, സംസ്ഥാന ആസൂത്രണ കമ്മിഷൻ വൈസ് ചെയർമാൻ പ്രഫ. വി.കെ.രാമചന്ദ്രൻ, മുൻ മന്ത്രി ടി.എം.തോമസ് ഐസക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.