ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാൻ പറ്റാത്തവരെത്ര?, ജയിൽ വകുപ്പ് എണ്ണിത്തുടങ്ങി; റിപ്പോർട്ട് ഉടൻ
Mail This Article
കോട്ടയം ∙ ജാമ്യം ലഭിച്ചിട്ടും വ്യവസ്ഥകൾ പാലിക്കാനാകാതെ ജയിലിൽ കഴിയുന്നത് എത്ര തടവുപുള്ളികൾ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ല. ഇവരുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നു ചോദിച്ചാലും ജയിൽ വകുപ്പിനു മറുപടിയില്ല. ഹൈക്കോടതി കൂടി ഈ ചോദ്യം ചോദിച്ചതോടെ കണക്കു തയാറാക്കാനുള്ള ഓട്ടത്തിലാണു വകുപ്പ്.
റിട്ട് ഹർജി ഫയലിൽ സ്വീകരിച്ചാണു ഹൈക്കോടതി ജയിൽ വകുപ്പിനോടു റിപ്പോർട്ട് ചോദിച്ചത്. തുടർന്ന് ഓരോ ജയിലിലുമുള്ള തടവുകാരുടെ വിവരങ്ങൾ ഇ – പ്രിസൺസ് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇനി മുതൽ തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നത് ഐസിജെഎസ് (ഇന്ററോപ്രബ്‌ൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം) വഴിയാകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ജയിലിലുള്ള തടവുപുള്ളികളെ സംബന്ധിച്ച വിവരം ഇന്ത്യയിലെവിടെയുമുള്ള നിയമസംവിധാനത്തിനു പരിശോധിക്കാൻ കഴിയും.
തടവുകാർ അടിയന്തര അവധിയോ പരോളോ ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ ജയിൽ അധികൃതർ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ഇക്കാര്യം ബന്ധുക്കളെ അറിയിക്കണമെന്നും നേരത്തേ ഹൈക്കോടതി നിർദേശിച്ചിരുന്നു. തടവുകാരെ സംബന്ധിച്ച എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭിക്കാൻ അടിയന്തര സൗകര്യം ഒരുക്കാനുള്ള യത്നത്തിലാണ് ജയിൽ വകുപ്പ്.