റഷ്യയിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി: സുരേഷ്ഗോപി
Mail This Article
കല്ലൂർ (തൃശൂർ)∙ റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട നായരങ്ങാടി സ്വദേശി കാങ്കിൽ സന്ദീപിന്റെ വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി സന്ദർശനം നടത്തി. വീട്ടിൽവച്ചുതന്നെ എംബസി അധികൃതരുമായി സുരേഷ്‌ഗോപി ഫോണിൽ സംസാരിച്ചു. സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മൃതദേഹം റഷ്യയിൽ നിന്നു വിട്ടുകിട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് എ.ജി.രാജേഷ് തുടങ്ങിയവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ 2നാണ് സന്ദീപ് ഉൾപ്പെടെയുള്ളവർ റഷ്യയിലേക്ക് പോയത്. റഷ്യൻ സൈനിക ക്യാംപിലെ കാന്റിനിലേക്കാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് യുദ്ധമുഖത്തേക്ക് അയയ്ക്കപ്പെട്ട സന്ദീപ് കഴിഞ്ഞമാസം യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റഷ്യൻ മലയാളികൾ വഴിയാണ് കുടുംബം അറിയുന്നത്.