ADVERTISEMENT

കൊച്ചി∙ കേന്ദ്രസർക്കാർ ബോണസ് പേയ്മെന്റ് നിയമത്തിൽ 2015ൽ കൊണ്ടു വന്ന ഭേദഗതി വ്യവസ്ഥകൾ ഹൈക്കോടതി ശരിവച്ചു. ബോണസ് നിയമം ബാധകമായ സ്ഥാപനങ്ങളിൽ പ്രതിമാസം 10,000 രൂപയ്ക്കു മേൽ ശമ്പളം/വേതനം ഉള്ളവർക്ക് ബോണസിന് അർഹതയില്ലെന്ന വ്യവസ്ഥയ്ക്കു പകരം 21,000 രൂപ വരെ ശമ്പളമുള്ളവർക്ക് അർഹത നൽകിയതാണു പ്രധാന ഭേദഗതി വ്യവസ്ഥ. ബോണസ് കണക്കാക്കാനുള്ള വേതന പരിധി പ്രതിമാസം 3500 രൂപയിൽ നിന്ന് ഇരട്ടിയാക്കാനും മിനിമം വേതനം അതിൽ കൂടുതലുണ്ടെങ്കിൽ അതു മാനദണ്ഡമാക്കാനും വ്യവസ്ഥ ചെയ്തു. 2016 ജനുവരി 1 നു പ്രസിദ്ധപ്പെടുത്തിയ നിയമ ഭേഗദതിക്ക് 2014 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യവും നൽകി. 

ഈ വ്യവസ്ഥകൾ ഉൾപ്പെട്ട നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ശരിവച്ചുകൊണ്ടാണു തൊഴിലാളികൾക്ക് അനുകൂലമായ സുപ്രധാന വിധി. യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയും വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളും നൽകിയ ഒരുകൂട്ടം ഹർജികൾ ജസ്റ്റിസ് എസ്. ഈശ്വരൻ തള്ളി. പട്ന, മദ്രാസ് ഹൈക്കോടതികൾ പുറപ്പെടുവിച്ച സമാന വിധികളുടെ ചുവടു പിടിച്ചാണു കോടതിയുടെ നടപടി. 

നിയമ ഭേദഗതിക്ക് 2014 മുതൽ മുൻകാല പ്രാബല്യം നൽകുന്നതിൽ പ്രായോഗിക ബുദ്ധിമിട്ടുണ്ടെന്നും മിനിമം വേതനത്തിന്റെ നിശ്ചിത ശതമാനം ബോണസ് നൽകുന്നതു വലിയ ബാധ്യതയാണെന്നും വിവിധ ഹർജിക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ചില ഹർജികളിൽ ഇടക്കാല ഉത്തരവിലൂടെ ചില വ്യവസ്ഥകൾ കോടതി തടഞ്ഞിരുന്നു. എന്നാൽ, ഒരു സാമ്പത്തിക വർഷത്തെ മുൻകാല പ്രാബല്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും തൊഴിലാളി ക്ഷേമം മുൻനിർത്തിയുള്ള വ്യവസ്ഥ അന്യായമാണെന്നു പറയാനാവില്ലെന്നും കോടതി വിലയിരുത്തി. പട്ന, മദ്രാസ് ഹൈക്കോടതികളുടെ വിധിയോടു യോജിപ്പാണെന്നും കേന്ദ്ര നിയമത്തിന്റെ കാര്യത്തിൽ ഇതര ഹൈക്കോടതികളുടെ വിധി അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

English Summary:

High Court upholds bonus law amendment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com