ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ അതിക്രമക്കേസിലെ പ്രതികൾ എത്ര തവണ കുറ്റം ഏറ്റുപറഞ്ഞാലും വിചാരണ ഒഴിവാക്കാനാകില്ല. 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന അക്രമങ്ങളുടെ പേരിലുള്ള കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികളിലൊരാളായ കെ.ടി.ജലീൽ എംഎൽഎ, ചെയ്തത് അബദ്ധമായെന്ന് ഇപ്പോൾ പറയുന്നത്. കേസ് ഇല്ലാതാക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ച് തിരിച്ചടി വാങ്ങിയവരാണു പ്രതികൾ.

കേസിലെ പ്രതികളിലൊരാൾ ആദ്യമായാണു കുറ്റമേൽക്കുന്നത്. ‘നിയമസഭയിൽ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞത് അബദ്ധമായിപ്പോയി. ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. മനുഷ്യനല്ലേ, വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’ എന്നാണ് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രി വി.ശിവൻകുട്ടി, മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എന്നിവർ ഉൾപ്പെടെ 6 പ്രതികളും വിചാരണ നേരിടണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിയായിരുന്നു ഉത്തരവ്.

‘ജലീൽ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുന്നണി നടത്തിയ പ്രതിഷേധമായിരുന്നു അന്നത്തേത്. അതിനെ തള്ളിപ്പറയുന്നതാണോ ഇപ്പോഴത്തെ പ്രതികരണമെന്ന് അദ്ദേഹം ചിന്തിക്കേണ്ട കാര്യമാണ്.’  

നിയമസഭാംഗങ്ങളുടെ അവകാശങ്ങൾ ക്രിമിനൽ പ്രവൃത്തികൾക്കു പരിരക്ഷ നൽകുമെന്ന നിലപാട് ഭരണഘടനാ വ്യവസ്ഥയോടുള്ള വഞ്ചനയാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ നടത്തുന്ന ക്രിമിനൽ പ്രവൃത്തികൾ എംഎൽഎമാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും അതിക്രമങ്ങളെ സഭാനടപടിയുടെ ഭാഗമെന്നു കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് സർക്കാരിലെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ പ്രതിപക്ഷത്തെ ഏതാനും എംഎൽഎമാർ സ്പീക്കറുടെ കസേരയും മൈക്കുമുൾപ്പെടെ നശിപ്പിച്ചെന്നാണു കേസ്. കേസ് പിൻവലിക്കുന്നതിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ഹൈക്കോടതിയും അനുമതി നിഷേധിച്ചപ്പോഴാണു സുപ്രീം കോടതിയെ സമീപിച്ചത്.

‘മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയുകയായിരുന്നു സമരത്തിന്റെ ലക്ഷ്യം. അതിൽ കുറ്റബോധത്തിന്റെ കാര്യമില്ല. ഇപ്പോൾ നല്ലപിള്ള ചമഞ്ഞിട്ടു കാര്യമില്ല. കേസിനെ അതിന്റെ വഴിക്കു നേരിടുക.’

ശിവൻകുട്ടി, ജയരാജൻ, ജലീൽ എന്നിവർക്കു പുറമേ എംഎൽഎമാരായിരുന്ന കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവരാണു പ്രതികൾ. കേസിൽ കുറ്റപത്രം വായിച്ചതിനാൽ ഇനി വിചാരണത്തീയതി നിശ്ചയിക്കണം. അടുത്ത മാസം 13നാണ് കേസ് പരിഗണിക്കുന്നത്. കേസ് നടത്തേണ്ടത് അതു പിൻവലിക്കാൻ നിയമയുദ്ധം നടത്തിയ സർക്കാരാണ്. സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി ശിവൻകുട്ടിയും എംഎൽഎ ജലീലും പ്രതികളും എന്നതാണ് അവസ്ഥ.

ചിരിച്ചൊഴിഞ്ഞ് ഇ.പി; പ്രതികരിക്കാതെ അജിത്

ജലീലിന്റെ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തിൽ താങ്കൾ എന്തു പറയുന്നു എന്ന ചോദ്യത്തോട് കേസിലെ പ്രതിയായ ഇ.പി.ജയരാജൻ ചിരിച്ചൊഴിഞ്ഞു. പ്രതികരിക്കുന്നില്ല അല്ലേ എന്നു ചോദിച്ചപ്പോൾ വീണ്ടും ചിരി മാത്രം. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ലെന്നു മറ്റൊരു പ്രതി കെ.അജിത് അറിയിച്ചു.

English Summary:

Kerala Assembly Ruckus Case: Confessions do not matter; Must face trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com