മുഹമ്മദ് ആട്ടൂർ തിരോധാന കേസ് ക്രൈംബ്രാഞ്ചിനു കൈമാറി
Mail This Article
കോഴിക്കോട് ∙ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന അന്വേഷണം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്ഐടി) നിന്നു ക്രൈംബ്രാഞ്ചിനു കൈമാറി. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി നടക്കാവ് അന്വേഷണ സംഘത്തിൽ നിന്നു പരിശോധിച്ചിരുന്നു. തുടർന്നാണ് ഇന്നലെ ഉത്തരവിറക്കിയത്. കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരൻ കേസ് സിബിഐക്കു കൈമാറാമെന്നു നേരത്തേ ഡിജിപിയെ അറിയിച്ചിരുന്നു. കേസ് അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടും കണ്ടെത്തിയ തെളിവുകളും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടു കുടുംബം നൽകിയ കേസ് ഹൈക്കോടതി ഒക്ടോബർ 1നു വാദം കേൾക്കാൻ ഇരിക്കെയാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിയെ കണ്ടു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് എം.കെ.മുനീർ എംഎൽഎ നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു.
തുടർന്നു എഡിജിപി എം.ആർ.അജിത്കുമാർ കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ വി.സുരേഷിനെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെയാണ് അന്വേഷണം ഏൽപിച്ചത്. മാമി തിരോധാനക്കേസിൽ അജിത് കുമാർ ഇടപെട്ടുവെന്ന് പി.വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചു. ഇതിനു പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാമെന്ന് എസ്.ശശിധരൻ അഭിപ്രായം അറിയിച്ചിരുന്നത്.
2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. തലക്കുളത്തൂർ മൊബൈൽ ടവർ ഡംപ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ചു സൂചന ലഭിച്ചെങ്കിലും അറസ്റ്റ് നടപടികളിലേക്കുള്ള തെളിവുകൾ ലഭിച്ചില്ല. അന്വേഷണം നീണ്ടുപോയ സാഹചര്യത്തിലാണു മാമിയുടെ ബന്ധുക്കൾ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നു മുഖ്യമന്ത്രിയെ അറിയിച്ചത്.