ഫണ്ട് ഇല്ല: മുറിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്താൻ ഭാര്യയുടെ സ്വർണമാല പണയം വച്ച് വനം ഉദ്യോഗസ്ഥൻ
Mail This Article
മൂന്നാർ ∙ ദൈനംദിന ആവശ്യങ്ങൾക്ക് ചെലവഴിക്കാൻ ഫണ്ടില്ല; ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ കുത്തേറ്റു ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്താനായി ഭാര്യയുടെ സ്വർണമാല പണയം വച്ച് മൂന്നാർ വനം ഡിവിഷനിലെ ഉദ്യോഗസ്ഥൻ. പണയം വച്ചു കിട്ടിയ 80,000 രൂപ ഉപയോഗിച്ചാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞതുമായി ബന്ധപ്പെട്ട ചെലവുകൾ നടത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നാർ വനം ഡിവിഷൻ. ആറുമാസമായി ഇന്ധന ബില്ലുകൾ നൽകാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ല. പ്രതിസന്ധി മറികടക്കാൻ ഡിവിഷനിലെ ദ്രുതകർമ സേനാംഗങ്ങൾ (ആർആർടി) ഉൾപ്പെടെ ഇരുനൂറിലധികം താൽക്കാലിക ജീവനക്കാർ മാസത്തിൽ 15 മുതൽ 20 ദിവസം ജോലി ചെയ്താൽ മതിയെന്നാണ് പുതിയ നിർദേശം. മൂന്നാർ വനം ഡിവിഷനു കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർ, വാച്ചർമാർ, ഡേറ്റ അനലൈസർമാർ, ആർആർടി എന്നീ വിഭാഗങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് 22 മുതൽ 26 ദിവസം വരെയാണ് ഒരു മാസത്തിൽ ജോലിയുണ്ടായിരുന്നത്. ആറുമാസമായി ഡീസൽ ബിൽ നൽകാത്തതിനാൽ പമ്പുകളിൽ നിന്നു വനംവകുപ്പിന്റെ വാഹനങ്ങൾക്ക് ദിവസങ്ങളിൽ ഇന്ധനം നൽകുന്നത് നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലാണ് പമ്പ് ഉടമകൾ.