ഡീൻ കുര്യാക്കോസിന്റെ കാറിൽ ഇടിച്ച കാർ നിർത്താതെ പോയി; പൊലീസ് പിടികൂടി
Mail This Article
പീരുമേട് ∙ മദ്യലഹരിയിൽ ഓടിച്ച കാർ ഡീൻ കുര്യാക്കോസ് എംപി സഞ്ചരിച്ച കാറിലിടിച്ചു. കേടുപാടുകൾ വരുത്തിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കൈകാട്ടിയിട്ടും നിർത്താതിരുന്നതിനെത്തുടർന്ന് ഏലപ്പാറയിൽ വഴിതടഞ്ഞു പിടികൂടി.
-
Also Read
നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി
പൊലീസ് സംഘത്തിനു നേരെ തട്ടിക്കയറിയ ഡ്രൈവറെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന്, മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസ് പരിശോധനയ്ക്കായി വാഹനം നിർത്താതിരുന്നതിനും പാമ്പാടുംപാറ സ്വദേശി സുധീഷിനെതിരെ കേസെടുത്തു. ഇയാളുടെ വാഹനത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗവുമായ ബേബിച്ചൻ ചിന്താർമണിയുമുണ്ടായിരുന്നു.
ഇന്നലെ രാത്രി ഏഴിന് പെരുവന്താനത്തിനു സമീപമാണ് നിയന്ത്രണംവിട്ടു പിന്നോട്ടു വന്ന കാർ എംപിയുടെ വാഹനത്തിൽ ഇടിച്ചത്. തുടർന്ന് നിർത്താതെ പോയ വാഹനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം പാർക്ക് ചെയ്തിരിക്കുന്നതായി എംപിയുടെ ശ്രദ്ധയിൽപെട്ടു.
വാഹനത്തിൽ ഇടിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഡ്രൈവർ അപമര്യാദയായി പെരുമാറിയശേഷം അമിതവേഗത്തിൽ പാഞ്ഞുപോകുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന്, കുട്ടിക്കാനത്ത് ഹൈവേ പൊലീസ് സംഘം കാർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താൻ തയാറായില്ല.
ഇതോടെ പീരുമേട് എസ്എച്ച്ഒ ഗോപി ചന്ദ്രൻ ഏലപ്പാറയിൽ പട്രോളിങ് നടത്തിയിരുന്ന പൊലീസ് സംഘത്തോട് വാഹനം പിടികൂടാൻ നിർദേശിക്കുകയായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് പൊലീസിനു നേരെ തട്ടിക്കയറിയത്.