ADVERTISEMENT

ആലപ്പുഴ ∙ സർക്കാരിനായി ഡോക്യുമെന്ററികളും പരസ്യങ്ങളും തയാറാക്കാൻ ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) തയാറാക്കിയ ചലച്ചിത്ര സംവിധായകരുടെ പാനൽ ഇല്ലാതാക്കിയതും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രമാക്കുന്ന ചിലരുടെ താൽപര്യപ്രകാരമാണെന്ന് ഈ രംഗത്തുള്ളവരുടെ സാക്ഷ്യം. ഈ പാനലിൽ ഉള്ളവരെ ജോലി ഏൽപിക്കുന്നതിനു പകരം വർഷങ്ങളായി ചില ഉദ്യോഗസ്ഥരുടെയും ഇഷ്ടക്കാരുടെയും ബെനാമി ഇടപാടുകളാണു നടക്കുന്നത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചവർ തുടങ്ങി 150ൽ ഏറെപ്പേർ ഉൾപ്പെടുന്ന സംവിധായകരുടെ പാനലാണു മുൻപുണ്ടായിരുന്നത്. അതുവഴി ചെറിയ തുക ചെലവഴിച്ചു മികച്ച കലാകാരന്മാരുടെ സേവനം വകുപ്പിനു ലഭിച്ചിരുന്നു.

ഈ പാനൽ പൂർണമായും ഇല്ലാതായി. ഇപ്പോൾ ഇത്തരം ജോലികളുടെ കരാർ ലഭിക്കുന്നതു ചില സ്വകാര്യ സ്ഥാപനങ്ങൾക്കാണ്. ഇത്തരം സ്ഥാപനങ്ങളെ നിയോഗിച്ചു കോടികൾ ഒഴുക്കിയതോടെയാണ് ഡയറക്ടറുടെ ഇടപെടൽ. സംശയകരമായ പല ഇടപാടുകളുടെയും വിവരങ്ങൾ മുഖ്യമന്ത്രിക്കു മുന്നിലും എത്തിയെന്നാണു വിവരം. മറ്റു വകുപ്പുകളുടെയും കമ്മിഷനുകളുടെയും അക്കാദമികളുടെയും പരിപാടികളിലും ഉന്നത സ്വാധീനമുള്ള സംഘം കൈകടത്തുന്നതായും വിവരമുണ്ട്.

വിഡിയോ ക്ലൗഡ് പ്ലാറ്റ്ഫോമിനും പാര

സർക്കാർ സ്ഥാപനമായ സി-ഡിറ്റ് വികസിപ്പിച്ച വിഡിയോ ക്ലൗഡ് പ്ലാറ്റ്ഫോമിനും പിആർഡിയിലെ ഉന്നതർ പാര വച്ചതായി ആരോപണം. കുറഞ്ഞ ചെലവിൽ വിഡിയോ സ്ട്രീമിങ്ങും ആർക്കൈവിങ്ങും സാധ്യമായിരുന്ന ക്ലിപ്പ് മെയിൽ സംവിധാനമാണ് ഇല്ലാതാക്കിയത്. ബഹുരാഷ്ട്ര കമ്പനിയുടെ സംവിധാനം വളരെ ഉയർന്ന തുകയ്ക്കു വാങ്ങാനുള്ള നീക്കത്തിന്റെ ആദ്യ പടിയായിരുന്നു ഇത്. 

സി - ഡിറ്റിന്റെ ക്ലിപ്പ് മെയിൽ സംവിധാനം വഴിയാണ് 3 വർഷം മുൻപു വരെ ടിവി ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും സർക്കാർ പരിപാടികളുടെ വിഷ്വലുകൾ സ്വീകരിച്ചിരുന്നത്. ക്ലിപ്പ് മെയിൽ ഇല്ലാതായതോടെ വാട്സാപ്പും ഇ മെയിലും വഴിയായാണ് വിഷ്വലുകൾ നൽകുന്നത്. സർക്കാർ പരിപാടികളുടെ വിഷ്വലുകൾ പൊതുവായി സ്വീകരിക്കാവുന്ന പ്ലാറ്റ്ഫോം ക്ലിപ് മെയിൽ അട്ടിമറിയിലൂടെ ഇല്ലാതായി. ഓൺലൈൻ വിഡിയോ ശേഖരവും ഇല്ലാതായി.

English Summary:

Filmmakers Cry Foul as Kerala PRD Allegedly Favors Private Firms in Lucrative Contracts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com