വ്യക്തി നേതാവാകുന്നത് പാർട്ടിയിലൂടെ, ഓർമിപ്പിച്ച് എം.വി.ഗോവിന്ദൻ
Mail This Article
പാലക്കാട് ∙ വ്യക്തിയുടെ പിന്നിലല്ല, പാർട്ടിയുടെ പിന്നിലാണ് അണിനിരക്കേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രവർത്തകരെ ഓർമിപ്പിച്ചു. ചില നേതാക്കളുടെ കോക്കസായി നിൽക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്കു നേതാവ് എന്ന പദവി ലഭിക്കുന്നതു പാർട്ടിയിൽ നിന്നാണെന്നും സിപിഎമ്മിന്റെ ഒറ്റപ്പാലം, പാലക്കാട് മേഖലാതല റിപ്പോർട്ടിങ്ങിൽ അദ്ദേഹം പറഞ്ഞു.
‘തുരുത്തും ഗ്രഹങ്ങളുമായി’ ഇനിയും നിൽക്കാൻ ശ്രമിച്ചാൽ ആരു വിചാരിച്ചാലും അവരെ രക്ഷിക്കാനാകില്ല. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി വിഭാഗീയ തുരുത്തുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പു നൽകിയതാണ്. പാർട്ടിയുടെ പരിശോധനകളിലൂടെ പിന്നീട് അവയെ ഇടിച്ചുനിരത്തി. ഇനിയും ശേഷിക്കുന്നുണ്ടെങ്കിൽ സ്വയം ഉപേക്ഷിക്കുന്നതാണു നല്ലത്. ഒരു നേതാവിന്റെ തുരുത്തായി മാറിയതുകൊണ്ടാണു മണ്ണാർക്കാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടി വന്നതെന്നു ഗോവിന്ദൻ പറഞ്ഞു.
എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തിൽ ആർക്കും ഇല്ലെന്ന് എം.വി.ഗോവിന്ദൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമായ നിലപാടു സർക്കാർ സ്വീകരിക്കും. പി.വി.അൻവർ എംഎൽഎയ്ക്കു പിന്നിൽ അൻവർ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.