തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,000 രൂപ ഉത്സവബത്ത
Mail This Article
തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്തയായി 1,000 രൂപ വീതം നൽകും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ് ബത്ത അനുവദിച്ചത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും 1,000 രൂപ ഉത്സവബത്ത നൽകും. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5,929 പേർക്കാണ് ബത്ത ലഭിക്കുക.
∙ സർക്കാർ, സഹകരണ കയർ ഉൽപന്ന സ്ഥാപനങ്ങൾക്ക് വിപണി വികസന ഗ്രാന്റ് ഇനത്തിൽ 10 കോടി അനുവദിച്ചു. കയർ മാറ്റ്‌സ് ആൻഡ് മാറ്റിങ്‌സ് സംഘങ്ങൾ, ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന കയർ കോർപറേഷൻ, കയർഫെഡ് എന്നിവയ്ക്കാണു തുക അനുവദിച്ചത്. ഇവയിലെ തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ഉറപ്പാക്കാൻ ഗ്രാന്റ് സഹായിക്കും.
∙ പൂട്ടിക്കിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് 2,000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. 10,732 പേർക്ക് സഹായം ലഭിക്കും. 100 ക്വിന്റലിന് താഴെ കയർ പിരിച്ചിരുന്ന പുട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികൾക്കാണ് സഹായത്തിന് അർഹത. ഇതിനായി 2.15 കോടി അനുവദിച്ചു.
∙ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം നൽകാനായി 19.81 കോടി അനുവദിച്ചു. 9,000 ഏജന്റുമാർക്കാണ് ഒരു ഗഡു പ്രതിഫലം ലഭിക്കുക.
∙ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി അനുവദിച്ചു. സർക്കാർ, എയ്ഡഡ് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നെയ്‌തുനൽകിയ കൈത്തറിത്തൊഴിലാളികൾക്ക് കൂലി നൽകാനാണ് തുക.