സർക്കാർ പ്രചാരണോപാധികളുടെ നിർമാണ പാനൽ: മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയുടെ മകന്റെ സ്ഥാപനം ഉൾപ്പെട്ടതു രണ്ടു വിഭാഗത്തിൽ
Mail This Article
ആലപ്പുഴ∙ സർക്കാരിനു വേണ്ടി വിവിധ പ്രചാരണോപാധികൾ തയാറാക്കാനുള്ള പാനലിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ മാധ്യമസംഘത്തിലെ പ്രധാനിയുടെ മകന്റെ സ്ഥാപനം ഉൾപ്പെട്ടതു രണ്ടു വിഭാഗത്തിൽ. ഇൻഫർമേഷൻ– പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) ഫെബ്രുവരിയിൽ തയാറാക്കിയ പാനലിലാണ് അമൽ മനോജ് എന്നയാൾ ഉടമയായ ‘സ്ട്രീംലൈൻ പ്രിന്റേഴ്സ് ആൻഡ് അഡ്വർടൈസേഴ്സ്’ രണ്ടു വിഭാഗത്തിലും ഉൾപ്പെട്ടത്.
സർക്കാരിന്റെ വിവിധ കാംപെയ്നുകൾക്കുള്ള ക്രിയേറ്റീവുകൾ തയാറാക്കാൻ 3 വർഷത്തേക്കു തിരഞ്ഞെടുത്തവരുടെ പട്ടികയാണിത്. ടിവി, നാടകം, സമൂഹമാധ്യമങ്ങൾ, റേഡിയോ എന്നിവയ്ക്കുള്ള ക്രിയേറ്റീവാണ് ഒരു വിഭാഗം. അച്ചടി മാധ്യമങ്ങൾക്കും ഔട്ഡോർ പരസ്യങ്ങൾക്കും മറ്റൊന്ന്. രണ്ടിലും ‘സ്ട്രീംലൈൻ’ ഇടംപിടിച്ചു. ഈ സ്ഥാപനത്തിന്റെ സമൂഹമാധ്യമ പേജിൽ ഉടമ അമൽ മനോജാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അമലിന്റെ സമൂഹമാധ്യമ അക്കൗണ്ടിലും ‘സ്ട്രീംലൈൻ’ ഉടമ എന്നു കാണിച്ചിട്ടുണ്ട്.
‘സ്വന്തം’ പാനൽ
ക്രിയേറ്റീവുകൾ തയാറാക്കാനുള്ള പാനലിൽ രണ്ടു വിഭാഗത്തിലും ഇടം പിടിച്ചതു ‘സ്ട്രീംലൈൻ’ മാത്രമല്ല. പിആർഡി, രാഷ്ട്രീയ ബന്ധമുള്ള വേറെയും സ്ഥാപനങ്ങളുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള സി ഡിറ്റും കെഎസ്എഫ്ഡിസിയും പട്ടികയിലുണ്ടെങ്കിലും പലപ്പോഴും കരാറുകൾ കിട്ടാറില്ല. കിട്ടിയാൽ തന്നെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപകരാറായി കൈമാറും. ഇതു കിട്ടുന്നതാകട്ടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധമുള്ള സ്ഥാപനങ്ങൾക്കും.