ADVERTISEMENT

കൊല്ലം ∙ ചവറ കെഎംഎംഎലിലെ ചില മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ സംശയാസ്പദമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ടെന്നു കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു). ഇത്തരം കാര്യങ്ങൾ നോട്ടിസിലൂടെ പ്രതിപാദിക്കാറുണ്ട്. നോട്ടിസുകൾ പരിഗണനയിലെടുത്തു മാനേജ്മെന്റ് തിരുത്തലുകൾ വരുത്താറുമുണ്ട്. മെറ്റീരിയൽ ഡിപ്പാർട്മെന്റിനെക്കുറിച്ചു സിഐടിയു ഉന്നയിച്ച ആക്ഷേപം പരിഗണിച്ചു ഡിപ്പാർട്മെന്റ് തലപ്പത്ത് മാനേജ്മെന്റ് പുനർവിന്യാസം നടത്തിയതായും യൂണിയൻ പ്രസിഡന്റ് എൻ. പത്മലോചനൻ, വർക്കിങ് പ്രസിഡന്റ് എസ്. ജയമോഹൻ, ജനറൽ സെക്രട്ടറി വി.സി രതീഷ്കുമാർ എന്നിവർ പറഞ്ഞു.

കെഎംഎംഎലിലെ കാൽസൈൻഡ് പെട്രോളിയം കോക്ക്, നോൺ പൾവറൈസ്ഡ് ഫ്യൂവൽ (എൻപിഎഫ്) ഗ്രേഡ് പെട്രോളിയം കോക്ക്, ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കുന്ന ബാഗുകൾ തുടങ്ങിയവ വാങ്ങിയ ഇടപാടുകളിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു നേരത്തേ സിഐടിയു യൂണിയൻ രംഗത്തെത്തിയിരുന്നു. മുതിർന്ന സിപിഎം നേതാക്കൾ ഭാരവാഹികളായ യൂണിയൻ തന്നെ ഇടപാടുകളിൽ സംശയം പ്രകടിപ്പിച്ചു രംഗത്തു വന്നതോടെ കെഎംഎംഎൽ മാനേജ്മെന്റും വ്യവസായ വകുപ്പും വെട്ടിലായിരുന്നു. ഇതെക്കുറിച്ച് ഇന്നലെ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് യൂണിയൻ വിശദീകരണവുമായി രംഗത്തുവന്നത്.

ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ പ്രളയകാലത്ത് ഉൾപ്പെടെ അടിഞ്ഞു കൂടിയ കരിമണൽ ഉപയോഗപ്പെടുത്തിയാണ് നിലവിൽ കമ്പനിക്ക് തടസ്സമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്നുള്ള കരിമണൽ ലഭ്യത ഇല്ലാതാക്കി കരിമണൽ മേഖലയെ തകർക്കാൻ കുത്തക കോർപറേറ്റുകളുടെ ബാഹ്യ ഇടപെടലുകൾ ശക്തമാണ്.

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾ പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനിൽപിനെയും ബാധിക്കുന്നുണ്ട്. മൈൻസ് ആൻഡ് മിനറൽസ് ആക്ട് ഭേദഗതിയിലൂടെ സ്വകാര്യ കുത്തകകൾക്ക് കരിമണൽ മേഖലയിലേക്കു കടന്നുവരാൻ കേന്ദ്രം അവസരം ഒരുക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ചു കെഎംഎംഎലിനെ തകർക്കാനാണ് സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കുന്നതെന്നും യൂണിയൻ ആരോപിച്ചു.

English Summary:

Questionable matters in KMML is pointed out says union

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com