അട്ടപ്പാടിയിൽ ജീവിക്കാനാവാത്ത സാഹചര്യം; മുഖ്യമന്ത്രിയെ കണ്ട് ആദിവാസികൾ
Mail This Article
അഗളി (പാലക്കാട്) ∙ അട്ടപ്പാടിയിൽ ഭൂമാഫിയയുടെ ആക്രമണം മൂലം ജീവിക്കാനാവാത്ത സാഹചര്യമാണെന്ന പരാതിയുമായി ആദിവാസികൾ മുഖ്യമന്ത്രിയെ കണ്ടു. മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി, നല്ലശിങ്ക, ആനക്കട്ടി, വട്ടലക്കി, ചാവടിയൂർ എന്നിവിടങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ 38 പേരാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫിസിലെത്തി കണ്ടത്.
ആത്മഹത്യയ്ക്കും കൊലപാതകത്തിനും ഇടയിലൂടെയാണ് അട്ടപ്പാടിയിൽ ആദിവാസികൾ കടന്നുപോകുന്നതെന്ന് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ ആദിവാസികൾ ഇല്ലാതാകുമെന്നും നീതിലഭിക്കണമെന്നും ആവശ്യപ്പെട്ടു. ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരമുള്ള അനുകൂല വിധി നടപ്പാക്കുന്നില്ല. ഇത്തരം ഭൂമിയിൽ മറ്റുള്ളവർക്ക് റവന്യു രേഖകൾ നൽകുന്നു. ഇതിന്റെ ബലത്തിൽ കോടതി ഉത്തരവ് സമ്പാദിച്ച് പൊലീസ് സഹായത്തോടെ ഭൂമി കൈവശപ്പെടുത്തുന്നു.
അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ ഭൂമി ഉടമകൾക്കു തിരികെ നൽകണം. ആദിവാസി ഭൂമിക്ക് വ്യാജ രേഖകൾ ഉണ്ടാക്കുന്നവർക്കെതിരെയും കൂട്ടുനിൽക്കുന്ന റവന്യു ഉദ്യോഗസ്ഥർക്കെതിരെയും ആദിവാസികൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പൊലീസിന്റെ എല്ലാ സഹായവും ഡിജിപിയും വാഗ്ദാനം ചെയ്തു.