വരുന്നു, 5 വർഷത്തിനകം 5,000 സൈബർ കമാൻഡോ
Mail This Article
ന്യൂഡൽഹി ∙ സംസ്ഥാന – കേന്ദ്ര പൊലീസ് സേനകളിൽ ഇനി സൈബർ കമാൻഡോകളും. സൈബർ കുറ്റാന്വേഷണം, ഡിജിറ്റൽ ഫൊറൻസിക്സ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഏജൻസികളെ ഇവർ സഹായിക്കും. ആദ്യ ബാച്ച് സൈബർ കമാൻഡോകളെ ഇന്നലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അടുത്ത 5 വർഷത്തിനകം 5,000 സൈബർ കമാൻഡോകളെ പരിശീലിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി.
സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര പൊലീസ് സേനകളിൽനിന്നും നാമനിർദേശം ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഐഐടി മദ്രാസ്, നാഷനൽ ഫൊറൻസിക് സയൻസസ് സർവകലാശാല തുടങ്ങിയിടങ്ങളിലാണു പരിശീലനം നൽകുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ സജീവമായ ഇടപെടൽ നടത്തിയതിന് കേരളത്തിനുള്ള പുരസ്കാരം സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും സൈബർ ഓപ്പറേഷൻസ് എസ്പി എസ്.ഹരിശങ്കറും അമിത് ഷായിൽനിന്ന് ഏറ്റുവാങ്ങി.