സുഭദ്ര കൊലപാതകം: സംശയം ബലപ്പെടുത്തിയത് ഈയിടെ മൂടിയ കുഴി; ആ എളുപ്പവഴിയിലൂടെ നാട്ടുകാർ പലപ്പോഴും നടന്നു
Mail This Article
കലവൂർ ∙ സുഭദ്രയുടെ യാത്ര പിന്തുടർന്നു കോർത്തുശേരിയിലെത്തിയ പൊലീസ് കണ്ടത് വീട്ടുവളപ്പിൽ ഈയിടെ മൂടിയ കുഴി. സംശയത്തെത്തുടർന്നാണു കുഴിയെടുത്തയാളെ കണ്ടെത്തിയത്. ‘‘മാലിന്യം കുഴിച്ചിടാനായി കുഴിയെടുക്കാൻ ഒരു ദിവസം ആവശ്യപ്പെടുകയായിരുന്നു. മാത്യൂസിന്റെ കയ്യിൽ പരുക്കേറ്റിരുന്നതിനാലാണു കുഴിയെടുക്കാനാകാഞ്ഞതെന്നാണു പറഞ്ഞത്. രണ്ടടിയോളം മാത്രം ആഴത്തിൽ നീളമേറിയ കുഴിയെടുത്ത ശേഷം മടങ്ങി. കൈ വയ്യാത്ത മാത്യൂസ് എങ്ങനെ കുഴിമൂടിയെന്നുമറിയില്ല’’– എന്നാണ് ഇയാൾ മൊഴി നൽകിയത്.
തുടർന്നാണു പൊലീസ് കഡാവർ നായയെ എത്തിച്ചു കുഴിയിൽ മൃതദേഹമുണ്ടെന്ന് ഉറപ്പാക്കിയത്. മാത്യൂസിന്റെ സുഹൃത്തായ ഇയാളെ മാത്യൂസിനും ശർമിളയ്ക്കും സുഭദ്രയ്ക്കുമൊപ്പം വീടിന്റെ പരിസരത്തു കണ്ടിരുന്നുവെന്ന മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സുഭദ്രയെ അടക്കം ചെയ്ത കുഴിക്കു മുകളിലൂടെ നാട്ടുകാർ സ്ഥിരമായി നടന്നിരുന്നു. മാത്യൂസും ശർമിളയും വാടകയ്ക്കു താമസിച്ചിരുന്ന വീടിനു പിന്നിലെ മതിൽ പൊളിഞ്ഞ ഭാഗത്തു കൂടി അടുത്ത റോഡിലേക്കു പോകാനുള്ള എളുപ്പവഴിയായതിനാലാണു നാട്ടുകാർ ഇതിലൂടെ പോയിരുന്നത്.