‘അതു സർക്കാരിന്റെ വിഷയം; മുന്നണിക്ക് അതൃപ്തിയില്ല’: അജിത്കുമാറിനെ മാറ്റാത്തതിനെപ്പറ്റി ടി.പി.രാമകൃഷ്ണൻ
Mail This Article
തിരുവനന്തപുരം ∙ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആർ.അജിത്കുമാറിനെ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതു ശരിയാണോ എന്നതു സർക്കാർ ആലോചിക്കേണ്ട പ്രശ്നമാണെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
‘ഇതിൽ പല പ്രശ്നങ്ങളും കോടതിയുടെ മുന്നിലുള്ളതാണ്. അതുകൂടി പരിഗണിച്ചുകൊണ്ടുള്ള നിലപാടേ സ്വീകരിക്കാനാകൂ. സർക്കാർ ഉചിതമായ നിലപാട് എടുക്കുന്നുണ്ട്. അതിൽ മുന്നണിക്ക് ഒരു അതൃപ്തിയുമില്ല. ആരോപണ വിധേയർ തെറ്റുകാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ സർക്കാരിനു ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുണ്ടാകും. കൂടുതൽ വിശദീകരണം വേണമെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട് അന്വേഷിച്ചാൽ മതി. സിപിഐക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതല്ല, എന്തിനു കണ്ടു എന്നതാണ് പ്രശ്നം. വ്യക്തിപരമായി കാണാൻ പാടില്ലെന്ന് പറയാനാകില്ല. ഇ.പി.ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയത് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലല്ല. സംഘടനാപരമായ തീരുമാനമായിരുന്നു അത്.
രാജ്യത്തെ പ്രധാന സംഘടനയായ ആർഎസ്എസിന്റെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ കുഴപ്പമില്ലെന്ന സ്പീക്കർ എ.എൻ.ഷംസീറിന്റെ അഭിപ്രായത്തോടു പ്രതികരിക്കാനില്ല. സ്വതന്ത്ര പദവിയിൽ ഇരിക്കുന്ന അദ്ദേഹത്തിന് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്തു പറയണമെന്ന് അദ്ദേഹമാണു തീരുമാനിക്കേണ്ടത്. ആർഎസ്എസ് പ്രധാന സംഘടനയാണോ എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട. ആർഎസ്എസിനോട് ശക്തമായ വിയോജിപ്പാണ്.
ഫോൺ ചോർത്തൽ ആരു നടത്തിയാലും തെറ്റാണ്. ഒരു തലത്തിലും പിന്തുണയ്ക്കില്ല. അതും അന്വേഷിക്കുന്നുണ്ട്. പി.വി.അൻവറല്ല എൽഡിഎഫ്. പാർട്ടിയുടെ നയരൂപീകരണം നടത്തുന്നതും അദ്ദേഹമല്ല. അദ്ദേഹത്തിന്റെ പരാതി ഗൗരവമായി അന്വേഷിക്കും. കൂടുതൽ പരാതിയുണ്ടെങ്കിൽ അതും നൽകാം. എഴുതി നൽകുന്ന പരാതികൾ മാത്രമേ അന്വേഷിക്കൂ. പി.ശശിക്കെതിരെ തൽക്കാലം പാർട്ടിക്കു മുന്നിൽ പരാതിയില്ല. കിട്ടിയാൽ അതും അന്വേഷിക്കും’– രാമകൃഷ്ണൻ വ്യക്തമാക്കി.