പൊലീസിൽ പുഴുക്കുത്തുണ്ട്; മുഖ്യമന്ത്രിയിൽ വിശ്വാസം: കാരായി രാജൻ
Mail This Article
കണ്ണൂർ ∙ പൊലീസിൽ പുഴുക്കുത്തുകളുണ്ടെന്ന ആരോപണം അംഗീകരിച്ചും മുഖ്യമന്ത്രിയിലും ആഭ്യന്തരവകുപ്പിലും വിശ്വാസമർപ്പിച്ചും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കാരായി രാജനെ കുടുക്കാൻ എഡിജിപി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ശ്രമിച്ചെന്ന പി.വി.അൻവറിന്റെ ആരോപണത്തിനു പിന്നാലെയാണു പ്രതികരണം. കാരായിയുടെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.
കാരായി രാജന്റെ ഫെയ്സ്ബുക് പോസ്റ്റ്: ‘ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്, അത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാണ്. എന്നാൽ, ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും; ഭരണകൂട സംവിധാനത്തിൽ പ്രത്യേകിച്ചും. ഉപ്പു തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എന്റെയും വിശ്വാസമാണ്. തീർച്ചയാണ്, അനിവാര്യമാണ്.’
എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് ജാമ്യവ്യവസ്ഥപ്രകാരം 8 വർഷത്തോളം കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയാതെ മാറിനിൽക്കേണ്ടിവന്നയാളാണ് കാരായി രാജൻ.