മുഖ്യമന്ത്രി കാണാതിരിക്കാൻ ഇന്റലിജൻസ് റിപ്പോർട്ട് മുക്കി: പി.വി.അൻവർ
Mail This Article
മലപ്പുറം ∙ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിനെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്താതെ മുക്കിയതാണെന്നും ഇതു പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും എഡിജിപിയും ചേർന്ന് ചെയ്തതാകാമെന്നും പി.വി.അൻവർ എംഎൽഎ ആരോപിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി എന്ന പദവിയിൽ ശശി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നില്ലെന്നും ശശിക്കെതിരെ ഇന്നോ നാളെയോ പരാതി നൽകുമെന്നും അൻവർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇപ്പുറത്ത് തീർത്ത ബാരിക്കേഡിൽ തട്ടി എല്ലാം താഴോട്ടു പോകുകയാണ്. വിശ്വസിച്ചവർ ചതിച്ചോയെന്നു മുഖ്യമന്ത്രി തന്നെ പരിശോധിക്കട്ടെയെന്ന് അൻവർ പറഞ്ഞു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം വഴിതിരിച്ചു വിട്ടത് പൊലീസിലെ ആർഎസ്എസ് സംഘമാണെന്ന ആരോപണവും അൻവർ ഉന്നയിച്ചു. ആശ്രമത്തിന് സന്ദീപാനന്ദഗിരി തന്നെ തീയിട്ടതാണെന്ന രീതിയിലായിരുന്നു ആദ്യ ഘട്ടങ്ങളിൽ അന്വേഷണം. ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി സുരേഷ് ആണ് കേസ് അട്ടിമറിച്ചതിൽ പ്രധാനി. സുരേഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബൂത്ത് ഏജന്റായി പ്രവർത്തിച്ചയാളാണെന്നും അൻവർ ആരോപിച്ചു.