ADVERTISEMENT

കലവൂർ (ആലപ്പുഴ)∙ കൊച്ചി സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം കർണാടകയിലെ ഉഡുപ്പിയിലേക്കു കടക്കുകയും പിന്നീടു നാട്ടിലേക്കു തിരിച്ചുവരികയും ചെയ്ത പ്രതികൾ തുടർന്ന് കൊച്ചിയിൽ തന്നെ ഒളിവിൽ കഴിഞ്ഞെന്ന വാർത്ത പൊലീസിനും അമ്പരപ്പായി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസിനെ (നിഥിൻ– 35)യും ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള (52)യെയും അറസ്റ്റ് ചെയ്യുന്നതു ഇവർ വീണ്ടും കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ്. 

സുഭദ്രയെ കാണാതായെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞ മാസം 7 നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ശർമിളയ്ക്കൊപ്പം ഇവർ റെയിൽവേ സ്റ്റേഷനു മുന്നിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത് 15 ന്. തുടർന്ന് ശർമിളയും ഭർത്താവും താമസിക്കുന്ന കലവൂർ കോർത്തുശേരിയിലെ വീട്ടിൽ പൊലീസ് എത്തി. അപ്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഇവർ ഉഡുപ്പിയിലേക്കു കടന്നെന്നാണു വിവരം. എന്നാൽ 24 ന് നാട്ടിൽ തിരിച്ചെത്താൻ ധൈര്യം കാട്ടുകയും ചെയ്തു. പൊലീസ് ഉഡുപ്പിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുമ്പോഴായിരുന്നു ഇത്. ഇവരെ കാട്ടൂരിലെ ബസ് സ്റ്റോപ്പിൽ കണ്ടതായി പൊലീസിനു വിവരം കിട്ടി. അന്വേഷിച്ചെത്തിയപ്പോഴേക്കും വീണ്ടും കടന്നിരുന്നു. ഇത്തവണ പോയതു കൊച്ചിയിലേക്ക്. അവിടെ ശർമിളയുടെ സുഹൃത്തുക്കളുടെ സഹായം ലഭിച്ചിരിക്കാമെന്നാണു കരുതുന്നത്. 

സെപ്റ്റംബർ 6 ന് മണ്ണഞ്ചേരി പൊലീസ് സുഭദ്രയുടെ തിരോധാനം സംബന്ധിച്ച കേസ് റീ റജിസ്റ്റർ ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. ചൊവ്വാഴ്ച സുഭദ്രയുടെ മൃതദേഹം കണ്ടെത്തി. പ്രതികളെന്നു സംശയിക്കുന്ന ദമ്പതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. അതോടെയാണു കൊച്ചിയിലെ ഒളിത്താവളത്തിൽ നിന്ന് ഇവർ പുറത്തു ചാടിയത്. ബുധനാഴ്ച ട്രെയിനിൽ യാത്ര തുടങ്ങി. ഇന്നലെ ആ യാത്ര മണിപ്പാലിനു സമീപം പൊലീസ് വലയിൽ അവസാനിച്ചു.

പിടിയിലായ ശർമിള പ്രായം ഉൾപ്പെടെ പല കാര്യങ്ങളിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. ഇവർ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നെന്ന വിവരവും മറച്ചുവച്ചു. ആരും തിരിച്ചറിയാതിരിക്കാൻ കണ്ണട വച്ചായിരുന്നു കൊലപാതകത്തിനു ശേഷമുള്ള യാത്ര. 

English Summary:

Subhadra murder: Accused were hiding in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com