എന്നും വിഎസ് പക്ഷത്ത്; വിഎസും യച്ചൂരിയും തമ്മിലുണ്ടായിരുന്നത് പതിറ്റാണ്ടുകൾ പിന്നിട്ട ആത്മബന്ധം
Mail This Article
അച്ഛനും മകനും പോലെയുള്ള ആത്മബന്ധമായിരുന്നു വി.എസ്.അച്യുതാനന്ദനും സീതാറാം യച്ചൂരിയും തമ്മിൽ. വിഎസിന് യച്ചൂരിയോടു വാത്സല്യമായിരുന്നു. യച്ചൂരിയെ കാണുമ്പോൾ ആ മുഖം സന്തോഷത്താൽ വിരിയുമായിരുന്നു. ഇപ്പോൾ യച്ചൂരി കടന്നുപോയപ്പോൾ, പ്രായാധിക്യത്തെ തുടർന്നു വിശ്രമത്തിൽ കഴിയുന്ന വിഎസ് ആ നഷ്ടം അറിഞ്ഞിരിക്കുമോ? വിഎസിനെ വിവരമറിയിച്ചെന്നും വിഷമമുണ്ടെന്നുമാണ് മകൻ വി.എ.അരുൺകുമാർ പറഞ്ഞത്.
വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യച്ചൂരിക്കു വേണ്ടി വിഎസ് നടത്തിയ ഇടപെടൽ തികച്ചും നാടകീയമായിരുന്നു. യച്ചൂരിയോ എസ്ആർപിയോ ജനറൽ സെക്രട്ടറി എന്ന അനിശ്ചിതത്വം പാർട്ടി കോൺഗ്രസിനെ ഗ്രസിച്ച മണിക്കൂറുകളിൽ അമ്പരപ്പിക്കുന്ന നീക്കം അച്യുതാനന്ദൻ നടത്തി. പാർട്ടി കോൺഗ്രസിന്റെ ഇടവേളയിൽ യച്ചൂരി താമസിക്കുന്ന മുറിയിൽ പോയി അദ്ദേഹത്തെ കണ്ടു. എന്നിട്ടു പുറത്തിറങ്ങി പറഞ്ഞു:‘യച്ചൂരിക്ക് എല്ലാ ആശംസകളും’.
പാർട്ടി പദവികളിലേക്കു വരാൻ ശ്രമിക്കുന്നവരെ നേരിൽക്കണ്ട് മറ്റു നേതാക്കൾ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്ന രീതി ഇല്ലാത്ത സിപിഎമ്മിൽ അത് അസാധാരണമായി. കേരളത്തിന്റെ മുൻമുഖ്യമന്ത്രി കൂടിയായ വിഎസ് അതുവഴി പാർട്ടി കോൺഗ്രസിനെ സ്വാധീനിക്കുന്ന തരത്തിൽ കൃത്യമായ സന്ദേശമാണ് നൽകിയത്. ആ മനോഗതം പോലെ തന്നെ യച്ചൂരി ജനറൽ സെക്രട്ടറിയായി. പിന്നാലെ അനുരണനങ്ങൾ ഇവിടെയും കണ്ടു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള പാനൽ വച്ചപ്പോൾ വിഎസ് പക്ഷത്തെ ഏതാനും പേർ പാനലിനെ എതിർത്ത് വോട്ടു ചെയ്തു. വിശാഖപട്ടണത്തെ വിജയം വിഎസ് പക്ഷത്തിനു പകർന്ന ഊർജമാണ് അതിൽ പ്രതിഫലിച്ചത്. അതു നീണ്ടുനിന്നില്ലെങ്കിലും വിഎസും യച്ചൂരിയും പരസ്പരം ഒരിക്കലും കൈവിട്ടില്ല. 2016 ൽ പിണറായി വിജയനെ മുഖ്യമന്ത്രിയായി പാർട്ടി തീരുമാനിച്ചപ്പോൾ വിഎസിന് കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ പദവി നൽകാനുള്ള നീക്കങ്ങൾ നടന്നത് യച്ചൂരിയുടെ കാർമികത്വത്തിലായിരുന്നു.
സിപിഎമ്മിലെ വിഭാഗീയ പോരാട്ടത്തിൽ എന്നും വിഎസിനൊപ്പമായിരുന്നു യച്ചൂരി. നിലപാടുകളിലെ മനപ്പൊരുത്തം അതിനു കാരണവുമായി. കൊല്ലത്ത് എസ്എഫ്ഐ സമ്മേളനത്തിന് എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്. ജൂബയിടുന്ന വിഎസിനെ കുർത്തയിടുന്ന യച്ചൂരിക്കു പിടിച്ചു. എൺപതുകളിൽ ഹർകിഷൻ സിങ് സുർജിത്തും വിഎസും യച്ചൂരിയും കമ്യൂണിസ്റ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ മംഗോളിയയിലേക്ക് ഒരുമിച്ചു പോയി.
സുർജിത് മാത്രം ഫസ്റ്റ് ക്ലാസിൽ. വിഎസും യച്ചൂരിയും അടുത്തടുത്ത്. യച്ചൂരി സിഗരറ്റ് വലിക്കാൻ പോകുമ്പോഴെല്ലാം വിഎസും ഒപ്പം പോകും. തേച്ചു മിനുക്കാത്ത ഇംഗ്ലിഷിൽ പറയും: ‘സ്മോക്കിങ് ബാഡ്. സ്റ്റോപ് സ്റ്റോപ്’. ആദ്യമൊക്കെ ആശയവിനിമയത്തിന് സഹായിയുടെ ആവശ്യമുണ്ടായിരുന്നു. പിന്നീട് യച്ചൂരി തമിഴിൽ സംസാരിക്കാൻ തുടങ്ങി. വിഎസ് ഇംഗ്ലിഷിലും. താങ്കൾ വിഎസിന്റെ ആളാണോ എന്ന ചോദ്യത്തിന്, ‘ഞാൻ വസ്തുനിഷ്ഠമായാണ് കാര്യങ്ങളെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ മൂല്യങ്ങളും ഗുണങ്ങളും മാനിക്കുന്നു’ എന്നായിരുന്നു യച്ചൂരിയുടെ മറുപടി. രോഗം കലശലായതോടെ കോടിയേരിക്കു പകരം എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായപ്പോൾ അദ്ദേഹം ആദ്യം ആശീർവാദം വാങ്ങേണ്ടത് വിഎസിൽ നിന്നാണെന്ന നിർബന്ധം യച്ചൂരിക്കുണ്ടായി. നേരെ അദ്ദേഹത്തെയും കൂട്ടി വസതിയിലെത്തി.
വിശാഖപട്ടണത്ത് അന്ന് സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായി സീതാറാമിനെ തിരഞ്ഞെടുക്കുന്നതിനു മുൻപ് വിഎസ് വേദി വിട്ടിരുന്നു. നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് യച്ചൂരി തിരഞ്ഞെടുക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. സീതാറാമിനെ കണ്ടു സന്തോഷം അറിയിക്കാനായി അതിവേഗം സമ്മേളന വേദിയിലേക്ക് അദ്ദേഹം മടങ്ങിയെത്തിയതും ചരിത്രം. പ്രിയപ്പെട്ട സഖാവിനെ യച്ചൂരി ഒരിക്കൽ വിശേഷിപ്പിച്ചു: ‘കേരളത്തിന്റെ ഫിഡൽ കാസ്ട്രോ!’