തദ്ദേശ വാർഡ് വിഭജനം മേയിൽ പൂർത്തിയാകും; മാർഗരേഖ അംഗീകരിക്കാൻ 24നു ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 1137 തദ്ദേശ സ്ഥാപനങ്ങളിൽ 2011ലെ സെൻസസ് അടിസ്ഥാനമാക്കി വാർഡ് വിഭജനം 2025 മേയിൽ പൂർത്തിയാകും. സർക്കാർ രൂപീകരിച്ച സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ 24നു ചേരുന്ന യോഗം വിഭജന മാർഗരേഖയ്ക്ക് അംഗീകാരം നൽകും.
സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 55 പഞ്ചായത്തുകളും 8 നഗരസഭകളും ഒഴികെയുള്ളവയിലെ വാർഡുകളാണു വിഭജിക്കുന്നത്. 2011ലെ സെൻസസ് അടിസ്ഥാനമാക്കി വാർഡ് വിഭജനം നടത്തിയതോ ആനുപാതിക ജനസംഖ്യ വർധന ഇല്ലാത്തതോ ആയ തദ്ദേശ സ്ഥാപനങ്ങളെയാണ് ഒഴിവാക്കിയതെന്ന് അധികൃതർ പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയർമാൻ കൂടിയായ എ.ഷാജഹാൻ അധ്യക്ഷനായ ഡീലിമിറ്റേഷൻ കമ്മിഷൻ കലക്ടർമാരുടെയും തദ്ദേശ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് നിർദേശങ്ങൾ നൽകും. തുടർന്ന് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് തയാറാക്കും. ഇത് ഒരു മാസത്തിലേറെ നീളും. കരടിനെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും കമ്മിഷന് കലക്ടർമാർ കൈമാറും. കമ്മിഷൻ ജില്ലാതലത്തിൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ഫീൽഡ് പരിശോധനയും ജില്ലാതല സിറ്റിങ്ങും നടത്തി പരാതിക്കാരെ കേട്ട ശേഷമാണ് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയുടെ വാർഡുകളാണ് ആദ്യം വിഭജിക്കുക. ഗ്രാമ വാർഡുകളെ അടിസ്ഥാനമാക്കി ബ്ലോക്കിന്റെയും ബ്ലോക്കിനെ ആസ്പദമാക്കി ജില്ലാ പഞ്ചായത്തുകളുടെയും വിഭജനം നടക്കും. കരട് തയാറാക്കൽ മുതൽ അന്തിമവിജ്ഞാപനം വരെയുള്ള നടപടികൾ ഇവയ്ക്കും വേണ്ടി വരും. പുനർനിർണയിച്ച വാർഡുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടിക തയാറാക്കുന്നതാണ് അവസാനത്തെ ഘട്ടം.
വാർഡ് മാറുന്നത് ഇങ്ങനെ
തദ്ദേശ സ്ഥാപനത്തിലെ 2011ലെ ജനസംഖ്യയെ 2024ലെ വീടുകളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന എണ്ണം ഏറെക്കുറെ തുല്യമായി വരുന്ന തരത്തിലാകും വാർഡ് വിഭജിക്കുക. ഉദാഹരണത്തിന് ഒരു പഞ്ചായത്തിലെ ആകെ ജനസംഖ്യ അൻപതിനായിരവും വീടുകളുടെ എണ്ണം നൂറുമാണെങ്കിൽ ഓരോ വാർഡിലും ഏകദേശം 500 വീടുകൾ ഉൾപ്പെടും. റോഡ്, തോട്, പുഴ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലുമാകും അതിർത്തികൾ.
ത്രിതല പഞ്ചായത്തുകളിലായി 1577, നഗരസഭകളിലും കോർപറേഷനുകളിലുമായി 135, എന്നിങ്ങനെ ആകെ 1712 വാർഡുകൾ വർധിപ്പിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതോടെ നിലവിലുള്ള ആകെ തദ്ദേശ വാർഡുകളുടെ എണ്ണം 21,900 ൽ നിന്ന് 23,612 ആകും.