സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 6 ബിജെപി പ്രവർത്തകർക്ക് 7 വർഷം കഠിനതടവ്
Mail This Article
കോട്ടയം ∙ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ 6 പ്രതികൾക്ക് 7 വർഷം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. സിപിഎം പ്രവർത്തകനായ ചിറക്കടവ് പടനിലം എം.എൽ.രവിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണു 2 മുതൽ 7 വരെ പ്രതികളായ കാവുംഭാഗം തകടിയിൽ ടി.ശ്രീകാന്ത്, ചെറുവള്ളി പാലപ്ലാക്കൽ എ.ബി.ഹരിലാൽ, പടനിലം പുലിയുറുമ്പിൽ അനന്തകൃഷ്ണൻ, തമ്പലക്കാട് കുടമാളൂർശേരിൽ കെ.ജി.രാജേഷ്, ചിറക്കടവ് ഇലഞ്ഞിക്കൽ പി.ആർ.രാജേഷ്, കാവുംഭാഗം പടിക്കാമറ്റത്ത് ദിലീപ് എന്നിവരെ കോട്ടയം അഡീഷനൽ സെഷൻസ് കോടതി–5 ജഡ്ജി പി.മോഹനകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
11 പ്രതികളാണ് കേസിൽ ആകെയുണ്ടായിരുന്നത്. 9 മുതൽ 11 വരെ പ്രതികളെ നേരത്തേ വിട്ടയച്ചിരുന്നു. ഒന്നും എട്ടും പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കഴിഞ്ഞ ദിവസം വിട്ടയച്ചു. 2018 ജൂൺ 23ന് ആയിരുന്നു സംഭവം. ടൈൽസ് കോൺട്രാക്ടറായ രവി ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്നതിനിടെ പടനിലത്തു വച്ച് കാർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സജി എസ്.നായർ ഹാജരായി.