പങ്കാളിത്ത പെൻഷൻ: ഏറ്റവും കുറഞ്ഞ വിഹിതം നൽകുന്നതു കേരളത്തിൽ
Mail This Article
തിരുവനന്തപുരം ∙ ആദ്യം കേന്ദ്രവും പിന്നാലെ മറ്റെല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം 14 ശതമാനമാക്കി വർധിപ്പിച്ചിരുന്നു. കേരളം ഇപ്പോഴും 10% മാത്രമാണു നൽകുന്നത്. സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി ശുപാർശ ചെയ്തിട്ടു പോലും വിഹിതം കൂട്ടാൻ കേരളം തയാറായിട്ടില്ല. പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം അതതു കാലത്തു നിക്ഷേപിച്ചില്ലെങ്കിൽ അതു ഫണ്ടിന്റെ വളർച്ചയെ സാരമായി ബാധിക്കും. വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷൻ തുക കുറയും.
2013ലാണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ഇതുവരെ പദ്ധതിയിൽ ചേർന്ന രണ്ടായിരത്തോളം പേരാണ് വിരമിച്ചത്.
നഷ്ടം ഇങ്ങനെ
∙ പെൻഷൻ ഫണ്ടിലേക്ക് എത്തുന്നത് 10% എന്ന കുറഞ്ഞ സർക്കാർ വിഹിതം
∙ വിരമിക്കുമ്പോഴുള്ള ഗ്രാറ്റുവിറ്റി കേരളം അനുവദിക്കാത്തതിനാലുള്ള നഷ്ടം
∙ ക്ഷാമബത്ത കുടിശിക അനുവദിക്കാത്തതിനാൽ പെൻഷൻ വിഹിതവും കുറയുന്നു
∙ 10 വർഷത്തിൽ താഴെ സർവീസുള്ളവർക്ക് മിനിമം പെൻഷൻ നൽകുന്നില്ല
∙ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാക്കുന്നത് തസ്തിക വിജ്ഞാപനം ചെയ്ത ദിവസം അടിസ്ഥാനമാക്കി വേണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയിട്ടില്ല. ഇപ്പോൾ കണക്കാക്കുന്നത് ജോലിയിൽ പ്രവേശിച്ച ദിവസം.