പ്രസംഗത്തിലും സഭ്യത വേണം; സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ വിമർശനം
Mail This Article
പത്തനംതിട്ട ∙ പൊതുയോഗങ്ങളിൽ നേതാക്കൾ സഭ്യമായ ഭാഷ ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം. നേതാക്കൾ ഉൾപ്പെടെ പലപ്പോഴും അതിരുവിട്ട പദപ്രയോഗങ്ങൾ നടത്തുന്നുണ്ടെന്നാണു കഴിഞ്ഞ ദിവസം കൊടുമൺ മേഖലയിൽ നടന്ന ബ്രാഞ്ച് യോഗങ്ങളിൽ വിമർശനമുണ്ടായത്. വിവാദ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ ഭരണകക്ഷിയെന്ന നിലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായവും യോഗങ്ങളിലുണ്ടായി.
ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ ഓട നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വിളിച്ച യോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ മോശം പരാമർശങ്ങൾ നടത്തിയെന്ന് വിമർശനമുണ്ടായി.
രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരുടെ കുടുംബാംഗങ്ങളെ വരെ മോശം വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിച്ചെന്നും വിമർശനമുണ്ടായി.
പ്രസംഗം കേട്ടു നിൽക്കുന്ന പ്രവർത്തകരെ രസിപ്പിക്കാൻ ഏതു രീതിയിലുമുള്ള ഭാഷാ പ്രയോഗങ്ങൾ നടത്തുന്നത് പാർട്ടിയുടെ നിലവാരമില്ലായ്മ വിളിച്ചോതുമെന്ന അഭിപ്രായമാണ് പൊതുവേ സമ്മേളനങ്ങളിൽ ഉയർന്നത്.
മേൽകമ്മിറ്റികളിൽ നിന്ന് സംഘടനാ ജോലികൾ താഴെത്തട്ടിലെ പ്രവർത്തകരിലേക്ക് അടിച്ചേൽപിക്കുന്ന പ്രവണതയുണ്ടെന്നും തുടർച്ചയായി പിരിവിനായി ചെല്ലുമ്പോൾ ജനം പാർട്ടിയോട് അകലുകയാണുണ്ടാവുകയെന്നും ചില യോഗങ്ങളിൽ പ്രവർത്തകർ അഭിപ്രായപ്പെട്ടു.