ബിജെപി അംഗമായത് കാര്യഗൗരവം മനസ്സിലാക്കാതെ: മോഹൻ സിതാര
Mail This Article
തൃശൂർ ∙ ബിജെപിയിൽ അംഗത്വമെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സംഗതി കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീത സംവിധായകൻ മോഹൻ സിതാരയുടെ സമൂഹമാധ്യമ പോസ്റ്റ്. ജില്ലാതല അംഗത്വ ക്യാംപെയ്നു തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിൽ നിന്ന് സെപ്റ്റംബർ 2 നാണ് മോഹൻ സിതാര അംഗത്വമെടുത്തത്. ഇതിന്റെ ചിത്രം സഹിതം ബിജെപി അന്നുതന്നെ പത്രക്കുറിപ്പ് ഇറക്കുകയും വാർത്തയും ചിത്രങ്ങളും വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമത്തിലും പ്രചരിക്കുകയും ചെയ്തിരുന്നു.
രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 15 നാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വം എടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അവരെ മുഷിപ്പിക്കരുതെന്നു കരുതിയും കാര്യഗൗരവം അറിയാതെയും അതിനു സമ്മതിക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ട്.