ADVERTISEMENT

തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ചുള്ള ഭാരിച്ച ചെലവുകൾക്കു പിന്നാലെ ട്രഷറി ഓവർ ഡ്രാഫ്റ്റിലായി. ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഓണത്തോടനുബന്ധിച്ച് 20,450 കോടി രൂപയാണു സർക്കാർ ചെലവിട്ടത്. ഇതിനു പിന്നാലെയുള്ള അവധിക്കു ശേഷം ഇന്നലെ ട്രഷറി തുറന്നപ്പോൾ പണമില്ലാതെ വന്നതോടെയാണ് ഓവർ ഡ്രാഫ്റ്റിലേക്കു കടക്കേണ്ടി വന്നത്.

പ്രതിസന്ധി കടുത്തതോടെ 5 ലക്ഷം രൂപയിൽ‌ കൂടിയ ബില്ലുകളൊന്നും പാസാക്കേണ്ടെന്നു ട്രഷറിക്കു സർക്കാർ നിർദേശം നൽകി. നേരത്തേ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ പാസാക്കാമായിരുന്നു. ഓണത്തിനു മുന്നോടിയായി പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻ അഡ്വാൻസായി 2,000 കോടിയോളം രൂപ എടുത്തിരുന്നു. എന്നിട്ടും തികയാതെ ട്രഷറി മൈനസ് ബാലൻസിലേക്കു പോയാലാണ് ഓവർ ഡ്രാഫ്റ്റ് എടുക്കുക.

ഓണത്തോടനുബന്ധിച്ചു ട്രഷറിയിൽ നിന്നു 20,000 കോടിയിലേറെ രൂപ ചെലവിടേണ്ടി വന്നതോടെയാണ് 2,000 കോടിയോളം രൂപയുടെ ഓവർ ഡ്രാഫ്റ്റിലേക്കു കടക്കേണ്ടി വന്നത്. റിസർവ് ബാങ്ക് വഴി 1,500 കോടി കടമെടുത്തെങ്കിലും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ഇതെത്തുടർന്ന് ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കാൻ ധനവകുപ്പ് നിർദേശം നൽകുകയായിരുന്നു.

പ്രതിസന്ധി മറികടക്കുന്നതിനായി ബവ്റിജസ് കോർപറേഷനോടും ഇന്ധനക്കമ്പനികളോടും നികുതി വിഹിതം അടയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ചെലവു നിയന്ത്രിക്കുന്നതിനാണു ട്രഷറി ഇടപാടുകൾക്കു മേലുള്ള പിടിത്തം.

സർക്കാർ വകുപ്പുകളുടെ ബില്ലുകൾ, കരാറുകാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ബില്ലുകൾ തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഡിസംബർ വരെ നിയന്ത്രണം നീണ്ടുനിൽക്കാനാണു സാധ്യത. വിവിധ വകുപ്പുകളുടെ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതുവഴി ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്.

English Summary:

Control tightened in Treasury overdraft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com