പരിഷ്കാരത്തെത്തുടർന്ന് ടെസ്റ്റിൽ വിജയം 40–45% മാത്രം, ഡ്രൈവിങ് ടെസ്റ്റ് എണ്ണം കൂട്ടി
Mail This Article
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് എണ്ണം കുറയ്ക്കുകയും കർശനമാക്കുകയും ചെയ്തതിനെത്തുടർന്ന് അപേക്ഷകരുടെ കാത്തിരിപ്പ് നീണ്ടതോടെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം. പുതുക്കിയ വ്യവസ്ഥ പ്രകാരം ഒരു ആർടി ഓഫിസിൽ രണ്ട് ഓഫിസർമാരുടെ കീഴിൽ 80 ടെസ്റ്റ് എന്നത് 100 ആയി ഉയർത്തും. കഴിഞ്ഞദിവസം മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പരിഷ്കാരം കർശനമായി നടപ്പാക്കിയതോടെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിജയം 40–45% മാത്രമാണ്. നേരത്തേ, ടെസ്റ്റിൽ പങ്കെടുക്കുന്നവരിൽ 95 –100% പേരെയും വിജയിപ്പിച്ചു വിട്ട ആർടി ഓഫിസുകളിലും ഇപ്പോൾ കൂട്ടത്തോൽവിയാണ്. പരിഷ്കാരം കൊണ്ടുവരും മുൻപ് കേരളത്തിലാകെ 17 ആർടി ഓഫിസുകളിലും 69 ജോയിന്റ് ആർടി ഓഫിസുകളിലുമായി 8000–8500 പേർ വരെയാണ് ദിവസം ടെസ്റ്റിനു പങ്കെടുത്തിരുന്നത്. ഇതിൽ 6500–7000 വരെ ദിവസവും ലൈസൻസ് നേടിയിരുന്നു. ഇപ്പോൾ പുതുക്കിയ വ്യവസ്ഥ പ്രകാരം ഒരു ആർടി ഓഫിസിൽ രണ്ട് ഓഫിസർമാരുടെ കീഴിൽ 80 ടെസ്റ്റും മുൻകാല അപേക്ഷ തീർപ്പാക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അധികം നിയോഗിച്ച് 40 ടെസ്റ്റുമാണ് നടക്കുന്നത്. ജോയിന്റ് ആർടി ഓഫിസുകളിൽ 40 ടെസ്റ്റാണ് നടക്കുന്നത്. മുൻകാല അപേക്ഷകൾ കെട്ടിക്കിടക്കുന്ന 30 ജോയിന്റ് ആർടി ഓഫിസുകളിൽ 40 ടെസ്റ്റ് കൂടി അധികം നടത്തും. കേരളത്തിലാകെ ഇത്തരത്തിൽ 5200 ടെസ്റ്റുകൾ ദിവസം നടക്കുന്നതിൽ പാസാകുന്നത് 2300–2500 പേരാണ്.
ഡ്രൈവിങ് ടെസ്റ്റ് ചുരുക്കിയതനുസരിച്ച് ലേണേഴ്സ് ടെസ്റ്റിന്റെ എണ്ണവും കുറച്ചു. ഒരു ദിവസം 40 ഡ്രൈവിങ് ടെസ്റ്റിന് അനുമതിയുള്ള ഓഫിസിൽ 40 പേർക്ക് മാത്രമേ ലേണേഴ്സ് ടെസ്റ്റും നടത്തുന്നുള്ളൂ. ഇനി ഇത് 50 ആയി ഉയരും. ലേണേഴ്സ് ടെസ്റ്റ് പാസായാൽ വീണ്ടുമൊരു 3 മാസം എടുക്കും ഡ്രൈവിങ് ടെസ്റ്റിന് തീയതി കിട്ടാൻ.
ഡ്രൈവിങ് സ്കൂളുകളിൽ യഥാർഥ ഇൻസ്ട്രക്ടർ തന്നെ വേണമെന്ന നിർദേശത്തെ തുടർന്ന് നടന്ന പരിശോധനയിൽ 40 ഡ്രൈവിങ് സ്കൂളുകളിൽ പുതിയ ഇൻസ്ട്രക്ടർമാരെ നിയമിക്കേണ്ടി വന്നു. 85% പേരെ വരെ ടെസ്റ്റിൽ വിജയിപ്പിച്ച മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകി. പുതിയതായി 25 പേർക്കും റീടെസ്റ്റ് 20 പേർക്കും വിദേശത്ത് പോകുന്നതുൾപ്പെടെ അത്യാവശ്യം ഉള്ള 5 പേർക്കും എന്ന കണക്കിനാണ് ദിവസം 50 ടെസ്റ്റ് നടത്തുന്നത്.