മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനം: 13 റിപ്പോർട്ടുകൾ ഡിജിപിക്ക് പോയത് എഡിജിപി അജിത്കുമാർ വഴി
Mail This Article
കോഴിക്കോട് ∙ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന അന്വേഷണവുമായി ബന്ധപ്പെട്ട് പലപ്പോഴായി 13 റിപ്പോർട്ടുകൾ സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ചത് എഡിജിപി എം.ആർ.അജിത്കുമാർ വഴി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എസ്പി, കോഴിക്കോട് കമ്മിഷണർ എന്നിവരോടു വിശദീകരണം തേടുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായം ഉയർന്നു.
മാമി തിരോധാന കേസ് മുൻപ് അന്വേഷിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ (എസ്ഐടി) ടീമിന്റെ റിപ്പോർട്ട് പൊലീസ് പ്രോട്ടോക്കോൾ പാലിച്ചാണ് അയച്ചതെന്നും നിലവിൽ സേനയിൽ തുടരുന്ന സംവിധാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കമ്മിഷണർക്കും കമ്മിഷണർ എസ്പിക്കും തുടർന്ന് എഡിജിപിക്കും അദ്ദേഹം ഡിജിപിക്കും അയയ്ക്കുന്നതാണു കീഴ്‌വഴക്കമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, പി.വി.അൻവർ എംഎൽഎയുടെ ആരോപണത്തെ തുടർന്നു മാമി കേസ് അന്വേഷണം എം.ആർ.അജിത് കുമാറിന്റെ നിയന്ത്രണത്തിൽ നിന്നു ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിന്റെ കീഴിലേക്കു മാറ്റി. എസ്ഐടിയുടെ 1,582 പേജുള്ള അന്വേഷണ ഫയൽ കേസ് പുനരന്വേഷിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവിഷനു കൈമാറി. തുടർന്നു കേസിന്റെ ഇതുവരെയുള്ള എസ്ഐടി അന്വേഷണത്തിന്റെ സംക്ഷിപ്ത രൂപമായി തയാറാക്കിയ 3 പേജ് റിപ്പോർട്ടാണു കമ്മിഷണർ വഴി എസ്പിക്കും എഡിജിപിക്കും ഡിജിപിക്കും എസ്ഐടി അന്വേഷണ സംഘം അയച്ചത്. എന്നാൽ, എഡിജിപിക്ക് (ക്രമസമാധാന പാലനം) എതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും മാമി തിരോധാന കേസ് അന്വേഷിച്ച എസ്ഐടി റിപ്പോർട്ട് എഡിജിപിക്കു നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇക്കാര്യത്തിലാണ് സേനയിൽ ഉദ്യോഗസ്ഥർ രണ്ടു ചേരിയിലായത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച ശേഷം നൽകിയ അവസാന റിപ്പോർട്ട് നേരിട്ടു ഡിജിപിക്കാണ് അയച്ചതെന്നു ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
മാമിയുടെ തിരോധാനത്തിൽ എഡിജിപി അജിത്കുമാറിനു പങ്കുണ്ടെന്ന് അൻവർ ആരോപിച്ചതിനു പിന്നാലെ, അന്വേഷണ വിവരങ്ങൾ എഡിജിപി വഴി തനിക്ക് അയയ്ക്കരുതെന്ന നിർദേശം കോഴിക്കോട് കമ്മിഷണർ ടി.നാരായണനും മലപ്പുറം എസ്പി പി.ശശിധരനും ലംഘിച്ചതിൽ ഡിജിപിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ ഇരുവരോടും വിശദീകരണം തേടുമെന്നും സൂചനയുണ്ട്.എന്നാൽ, മാമി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും എഡിജിപി അജിത്കുമാർ നിയോഗിച്ച 4 അംഗ സ്പെഷൽ സ്ക്വാഡ് അംഗങ്ങളിലെ എസ്ഐ ഉൾപ്പെടെ 3 പേരെ ഉൾപ്പെടുത്തിയാണ് ഇപ്പോഴും അന്വേഷണം തുടരുന്നതെന്ന് ഒരു വിഭാഗം പറയുന്നു.