ഹെപ്പറ്റൈറ്റിസ് ബി വാക്സീന് ക്ഷാമം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് മുതിർന്നവർക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ ശേഖരം തീരുന്നു. 4 മാസമായി വാക്സീൻ ലഭിക്കുന്നില്ല. രാജ്യത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ നിർമിക്കുന്ന പ്രധാന സ്ഥാപനങ്ങളിൽനിന്ന് പുതിയ സ്റ്റോക്ക് എത്താത്തതാണ് വാക്സീൻ ക്ഷാമം രൂക്ഷമാക്കുന്നത്.
ശരീര സ്രവങ്ങളിലൂടെ പകർന്ന് കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് ഈ വാക്സീൻ. നവജാത ശിശുക്കൾക്കു ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ പ്രധാനമാണ്. സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള വാക്സീൻ മാത്രമാണ് ശേഷിക്കുന്നതെന്നാണു വിവരം. ചില വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ, എംബിബിഎസ് വിദ്യാർഥികൾ തുടങ്ങിയവർക്കും നിർബന്ധമായി പ്രതിരോധ കുത്തിവയ്പ് എടുക്കണം. സ്വകാര്യ ആശുപത്രികളിലും മരുന്നുവിതരണ സ്ഥാപനങ്ങളിലും മാസങ്ങളായി സ്റ്റോക്ക് ഇല്ല.
സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് തുടങ്ങിയ ചില സ്ഥാപനങ്ങൾ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ നിർമിക്കുന്നത്. ഇവർ നിർമാണം നിർത്തിവച്ച് വില വർധനയ്ക്കായി കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ആരോപണമുണ്ട്. ചില ഗവ.ആശുപത്രികളിൽ ഉൾപ്പെടെ വാക്സീൻ ലഭ്യമല്ലാത്തതിനാൽ പ്രതിരോധ കുത്തിവയ്പ് മുടങ്ങുന്ന സ്ഥിതിയാണ്.