‘എന്റെ ഭൂമി’ പോർട്ടൽ ഒക്ടോബറിൽ: മന്ത്രി
Mail This Article
തൃശൂർ ∙ റവന്യു വകുപ്പിന്റെ റെലിസ്, റജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ ഭൂപടങ്ങൾ തയാറാക്കുന്ന ഇ–മാപ്സ് എന്നീ പോർട്ടലുകൾ സംയോജിപ്പിച്ചുള്ള ‘എന്റെ ഭൂമി’ ഏകജാലക ഡിജിറ്റൽ പോർട്ടൽ ഒക്ടോബറിൽ നിലവിൽ വരുമെന്നു മന്ത്രി കെ.രാജൻ. വിവിധ ജില്ലകളിലെ 26 സ്മാർട് വില്ലേജ് ഓഫിസുകളുടെ സംസ്ഥാനതല നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഭൂമി തരംമാറ്റൽ പ്രശ്നങ്ങൾ ശ്രമകരമായി പരിഹരിക്കാൻ 25 സെന്റ് വരെ സൗജന്യ തരംമാറ്റത്തിന് അർഹരായവരുടെ കേസുകൾ കലക്ടർമാരുടെ നേതൃത്വത്തിൽ പരിഗണിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 10 വരെ കേരളത്തിലെ 71 കേന്ദ്രങ്ങളിൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യുഎസ്, യുകെ അടക്കമുള്ള 10 രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കു തണ്ടപ്പേരുള്ള ഭൂമിക്ക് അതതു മാസം നികുതി അടയ്ക്കാനുള്ള ആപ്ലിക്കേഷൻ ഒക്ടോബർ 20നു നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
കോളനികൾ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ വിവിധ ‘ഉന്നതി’ പ്രദേശങ്ങളിൽ ഭൂമിയുണ്ടായിട്ടും ഉടമസ്ഥാവകാശം രേഖപ്പെടുത്താൻ കഴിയാത്ത മുപ്പതിനായിരത്തോളം പേരെ 2025നു മുൻപു അവകാശികളാക്കി മാറ്റാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പിന്റെ പ്ലാൻ സ്കീം അടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ മണ്ഡലമായ ഒല്ലൂരിൽ ഉൾപ്പെടെ 26 സ്മാർട് വില്ലേജ് ഓഫിസുകൾ നിർമിക്കുന്നത്.